25
Thursday
February 2021

ജില്ലാ ആശുപത്രി നവീകരണം; കിഫ്ബി 57.52 കോടി അനുവദിച്ചു

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍: ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിന് കിഫ്ബിയുടെ അനുമതി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉള്‍പ്പെടെയുള്ള ആദ്യഘട്ട നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 57.52 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ഉത്തരവായി. ആശുപത്രിയിലെ നിലവിലെ ചില കെട്ടിടങ്ങള്‍ നവീകരിച്ചും പുതിയ ബ്ലോക്കുകള്‍ നിര്‍മിച്ചുമാണ് ആശുപത്രി നവീകരണം സാധ്യമാക്കുക. ബി.എസ്.എന്‍.എല്ലിനാണ് നിര്‍മ്മാണ ചുമതല.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ ആശുപത്രി നവീകരണം യാഥാര്‍ത്ഥ്യമാക്കുന്നത്. അത്യാധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതോടൊപ്പം പരിസ്ഥിതിസൗഹൃദവും സൗന്ദര്യപൂര്‍ണവുമായ പരിസരം ആശുപത്രിയില്‍ സൃഷ്ടിക്കും. ഒ.പി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് എയിംസ് മാതൃകയില്‍ ഇലക്ട്രോണിക് രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതി.

നിലവില്‍ വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സാസൗകര്യങ്ങള്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ പുനഃക്രമീകരിക്കും. ഇതനുസരിച്ച് കെട്ടിടങ്ങളെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, സര്‍ജറി വിഭാഗം, ട്രോമ കെയര്‍ വിഭാഗം, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം എന്നിങ്ങനെ വിവിധ ബ്ലോക്കുകളായി തിരിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ വിപുലമായ അത്യാഹിത വിഭാഗവും അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ ട്രോമാ കെയറും ആശുപത്രിയിലൊരുക്കും. വിശാലമായ രണ്ട് പ്രവേശന കവാടങ്ങളോടു കൂടിയ സുരക്ഷിതമായ ചുറ്റുമതില്‍, വിവിധ ബ്ലോക്കുകള്‍ക്കിടയില്‍ അനായാസം സഞ്ചരിക്കാനുള്ള റോഡുകള്‍, നടപ്പാതകള്‍, പാലങ്ങള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്കുകള്‍, ആധുനിക രീതിയിലുള്ള ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനങ്ങള്‍, ലിഫ്റ്റുകള്‍ തുടങ്ങിയവ ഒരുക്കും.

മാലിന്യ സംസ്‌ക്കരണത്തിനും ജലശുദ്ധീകരണത്തിനും വിപുലമായ പദ്ധതികള്‍ കൂടി ഉള്‍പ്പെടുന്നതാണ് മാസ്റ്റര്‍ പ്ലാന്‍. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിന് സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് പ്ലാന്റും നിര്‍മിക്കും. ഇടതടലില്ലാത്ത വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളുംആശുപത്രിയില്‍ഒരുക്കും. ഇതിനായി ട്രാന്‍സ്ഫോമറുകള്‍, ജനറേറ്ററുകള്‍, യു.പി.എസ് സിസ്റ്റം തുടങ്ങിയവ സ്ഥാപിക്കും. കിടത്തി ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിക്കും. പേ വാര്‍ഡുകള്‍ വിപുലീകരിക്കും.

അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഏഴ് ഓപ്പറേഷന്‍ തിയറ്ററുകള്‍, പുതിയ ബ്ലഡ് ബാങ്ക്, കൂടുതല്‍ എക്സ്റേ, അള്‍ട്രാ സൗണ്ട്- എം.ആര്‍.ഐ സ്‌കാനിംഗ് സംവിധാനങ്ങള്‍, ഒ.പിയില്‍ മൂന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന കാത്തിരിപ്പു കേന്ദ്രം, 300ലേറെ പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ആശുപത്രിയിലെ മുഴുവന്‍ സേവനങ്ങളും കംപ്യൂട്ടറൈസ് ചെയ്യാനും മാസ്റ്റര്‍പ്ലാനില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കാത്ത് ലാബ്, സി.സി.യു സംവിധാനങ്ങളോടു കൂടിയ കാര്‍ഡിയോളജി വിഭാഗം, ഡയാലിസിസ് വിഭാഗം എന്നിവയുള്‍ക്കൊള്ളുന്ന പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് 50,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളായാണ് നിര്‍മിക്കുക.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com