7
Sunday
March 2021

ജില്ലാ പഞ്ചായത്ത് വികസന പദ്ധതി; ഗുണമേന്മയ്ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം

Google+ Pinterest LinkedIn Tumblr +

കൊല്ലം: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളില്‍ ഗുണമേന്മയുള്ളവയ്ക്ക് മുന്‍തൂക്കം നല്‍കണമെന്ന് ശുപാര്‍ശ. വികസന പദ്ധതികളുടെ സാധൂകരണത്തിനായി ജില്ലാ പഞ്ചായത്തില്‍ നടന്ന സെമിനാറില്‍ ഉദ്ഘാടകനായ സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ. കെ. എന്‍. ഹരിലാലാണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്.

ചരിത്രത്തിലാദ്യമായാണ് സാമ്പത്തിക വര്‍ഷാരംഭത്തിന് മുമ്പ് പദ്ധതിയുടെ കരട് തയ്യാറാകുന്നത്. ഈ സാഹചര്യത്തില്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണവും താഴേത്തട്ടിലേക്ക് വ്യാപിക്കുന്ന വികസന പരിപാടികളും സംയോജിപ്പിച്ചുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പഞ്ചായത്തിലെ 100 വീടുകള്‍ക്ക് ബയോഗ്യാസ് ലഭ്യമാക്കുന്ന ജ്വാല പദ്ധതിയാണ് കരടിലെ ശ്രദ്ധേയ നിര്‍ദേശങ്ങളിലൊന്ന്. വെളിച്ചം പദ്ധതിവഴി എല്ലാ ലൈബ്രറികളും ആധുനീകരിക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കും. പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ യുവജനങ്ങള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കും. ഇതിനായി അതത് പ്രദേശങ്ങളിലെ കുളങ്ങളും ചിറകളും ഉപയോഗിക്കുന്നത് ജലാശയങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. ജലസ്രോതസുകളുടെ ശുചിത്വവും പരിപാലനവും ലക്ഷ്യമിട്ട് നിലവിലുള്ള സുജലം പദ്ധതി വ്യാപിപ്പിക്കും.

ബജറ്റ് വിഹിതത്തിന്റെ 20 ശതമാനവും ലൈഫ് പദ്ധതിക്കായി വകയിരുത്താനാണ് കരടിലെ നിര്‍ദ്ദേശം. പട്ടികജാതിവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ക്കായി 24.54 കോടി രൂപയും അനിവാര്യ പൊതുവകയിരുത്തലില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിയുള്ളവരുടെ സ്‌കോളര്‍ഷിപ്പ്, ആശ്രയ, അങ്കണവാടി പോഷകാഹാരം തുടങ്ങിയവയ്ക്കായി 4.75 കോടി രൂപയും നീക്കിവയ്ക്കും. നിര്‍ബന്ധിത മേഖല വകയിരുത്തലിന്റെ ഭാഗമായി ലൈഫ് പദ്ധതിക്ക് 15.60 കോടി, മാലിന്യ സംസ്‌കരണത്തിന് 4.27 കോടി, വനിതാ ഘടക പദ്ധതിക്കായി 6.73 കോടി, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവരുടെ ഉന്നമനത്തിനായി 3.36 കോടി, വൃദ്ധജന പരിപാലനത്തിനും പാലിയേറ്റിവ് കെയറിനുമായി 3.36 കോടി എന്നിങ്ങനെയാണ് മറ്റു മേഖലകളില്‍ വകയിരുത്തുക.

ഈ മാസം 31നകം കരടിന് അംഗീകാരം നല്‍കുന്നതിനായി കരടിലെ നിര്‍ദേശങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ് അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തു. സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാ ശശിധരന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സംയോജിത പദ്ധതികളുടെ അവതരണം ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍ നിര്‍വഹിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ് അംഗം എസ്. ജമാല്‍ മാര്‍ഗരേഖയും സബ്‌സിഡിയും സംബന്ധിച്ച വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് റിപോര്‍ട്ട് അവതരിപ്പിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com