9
Sunday
May 2021

‘ഡോണ്‍’ തസ്ലീമിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘം

Google+ Pinterest LinkedIn Tumblr +

മംഗലാപുരം: ‘ഡോണ്‍’ തസ്ലീമിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ്. കാസര്‍കോട് ചെമ്പരിക്ക സ്വദേശി ‘ഡോണ്‍’ തസ്ലിം എന്നറിയപ്പെടുന്ന സി.എം.മുഹ്ത്തസിനെ (40) ഞായറാഴ്ചയാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസില്‍ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസ് പറയുന്നത്. ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതിനു 2019 ജനുവരിയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബിജെപി ന്യൂനപക്ഷ സെല്‍ ഭാരവാഹിയായിരുന്നുവെങ്കിലും പിന്നീടു പുറത്താക്കിയിരുന്നു. മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 1.11 കോടി രൂപയുടെ ആഭരണം കവര്‍ന്ന കേസില്‍ 2019 സെപ്റ്റംബറില്‍ അറസ്റ്റിലായ തസ്ലിം ഗുല്‍ബര്‍ഗ ജയിലില്‍ റിമാന്‍ഡിലായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 31നു ജാമ്യം ലഭിച്ചു സഹോദരനൊപ്പം നാട്ടിലേക്കു പോകുമ്പോളാണു കലബുറഗിക്കടുത്ത നെലോഗിയില്‍ ഗുണ്ടാസംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണത്തില്‍ ഗുണ്ടകളുടെ ഒളിസങ്കേതം കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിനു മുന്‍പു സംഘം തസ്ലിമിനെയും കൊണ്ടു കാറില്‍ കടന്നുകളഞ്ഞു.

പൊലീസ് പിന്തുടര്‍ന്നതോടെ മംഗളൂരു ബിസി റോഡിനു സമീപം കാറിനകത്തു വെടിവച്ചു കൊന്നു ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ഡോണ്‍ തസ്ലിമിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ കാസര്‍കോട് ജില്ലയിലെ സംഘമാണെന്നാണു പൊലീസ് സംശയിക്കുന്നത്. ഉപ്പളയിലെ ക്വാട്ടേഷന്‍ സംഘത്തലവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണു തസ്ലിമെന്നു പൊലീസ് പറയുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com