കോട്ടയം: പാമ്പാടി ബ്ലോക്കിന്റെ ഡ്രസ്സ് ബാങ്ക് പ്രയോജനപ്പെട്ടത് മഴക്കെടുതി ബാധിച്ച 3000 ലേറെ കുടുംബങ്ങള്‍ക്ക്. ജില്ലയിലെ 20 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇതുവരെ വസ്ത്രങ്ങളും പുതപ്പുകളും എത്തിക്കാന്‍ കഴിഞ്ഞു. വെള്ളപ്പൊക്കദുരിതം ഏറെ അനുഭവിക്കുന്ന വൈക്കം പ്രദേശത്തെ കല്ലറയിലെ ക്യാമ്പുകളില്‍ ഒരു ലോഡ് വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസം എത്തിക്കാന്‍ കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശ്ശേരി പറഞ്ഞു. അടുത്ത ലോഡ് വസ്ത്രങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ബ്ലോക്ക് പരിധിയിലുള്ള എട്ടു പഞ്ചായത്തുകളില്‍ നിന്നും വാഴൂര്‍ പഞ്ചായത്തില്‍ നിന്നുമാണ് ഡ്രസ്സ് ബാങ്കില്‍ വസ്ത്രങ്ങള്‍ എത്തുന്നത്. വിവിധ പ്രായക്കാര്‍ക്കുള്ള വസ്ത്രങ്ങള്‍ തരംതിരിച്ച് കവറുകളിലാക്കിയാണ് വിതരണം ചെയ്യുന്നത്. കഴുകി തേച്ച അത്ര പഴക്കമില്ലാത്ത വസ്ത്രങ്ങളും കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിരസിക്കപ്പെട്ട വസ്ത്രങ്ങളുമാണ് ഡ്രസ്സ് ബാങ്കില്‍ ശേഖരിക്കുക. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി കഴിഞ്ഞ മാസമാണ് ഡ്രസ്സ് ബാങ്ക് പദ്ധതി ആരംഭിച്ചത്. പള്ളിക്കാത്തോട് സ്ഥിതി ചെയ്യുന്ന ബ്ലോക്ക് കാര്യാലയത്തിന്റെ പഴയ കെട്ടിട മുറി ഇതിനായി തയ്യാറാക്കിയെടുത്തു. പദ്ധതിയില്‍ പെടുത്തി എട്ട്് അലമാരകളും വാങ്ങി. പാവപ്പെട്ട കുടുംബങ്ങള്‍ക്കും അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യമായി വസ്ത്രങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡ്രസ്സ് ബാങ്ക് മഴക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ ഏറെ ഗുണം ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വസ്ത്രങ്ങളെത്തിച്ച് ഡ്രസ്സ് ബാങ്ക്
Share.