26
Tuesday
January 2021

കുടിവെള്ളം; സുരക്ഷിത ഉപയോഗത്തിന് മുന്‍കരുതല്‍

Google+ Pinterest LinkedIn Tumblr +

വയനാട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുകള്‍ പതിയെ താഴ്‌ന്നെങ്കിലും മിക്ക ജലാശയങ്ങളും കുടിവെള്ള സ്രോതസുകളും ഉപയോഗ ശൂന്യമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുടിവെള്ളത്തിൻ്റെ സുരക്ഷിത ഉപയോഗത്തിന് ചില മുന്‍കരുതലുകള്‍ സ്വീകരിക്കാം. ശ്രദ്ധിക്കുക അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ വളരെ എളുപ്പമാണ്.

1. വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല. വെള്ളത്തില്‍ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം, കൊതുകുകള്‍, വിരകള്‍, അട്ടകള്‍ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. കുടിക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളില്‍ ക്ലോറിനേഷന്‍ തന്നെയാണ് ഉത്തമം

2. ക്ലോറിനേഷന്‍ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാര്‍ഗമാണ്. ബ്ലീച്ചിംഗ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത്.

3. സാധാരണ സമയങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കുമ്പോള്‍ 9 അടി വ്യാസമുള്ള കിണറിന് (2.75 മീറ്റര്‍) ഒരുകോല്‍ വെള്ളത്തിലേക്ക് (ഒരു പടവ് / പാമ്പിരി) ഏകദേശം അര ടേമ്പിള്‍സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിള്‍ സ്പൂണ്‍/ തീപ്പെട്ടി കൂട് = 2025 ഗ്രാം) ബ്ലീച്ചിംഗ് പൗഡര്‍ മതിയാകും. 11 അടി വ്യാസമുള്ള കിണറിന് (3.35 മീറ്റര്‍) മുക്കാല്‍ ടേമ്പിള്‍ സ്പൂണും 9 അടി വ്യാസമുള്ള കിണറില്‍ റിംഗ് ഇറക്കിയതാണെങ്കില്‍ 3 റിംഗിന് 1 ടേബിള്‍ സ്പൂണും 11 അടി വ്യാസമുള്ള കിണറില്‍ റിംഗ് ഇറക്കിയതാണെങ്കില്‍ 2 റിംഗിന് 1 ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡറും മതിയാകും.

4. ആവശ്യത്തിനുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാല്‍ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേര്‍ക്കുക. അതിനു ശേഷം ഒരഞ്ചു മിനിറ്റ് ഊറാന്‍ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണര്‍ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അല്‍പം കൂടുതല്‍ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിന്‍ വെള്ളത്തില്‍ നിന്നും പുറത്തേക്കു പോകാന്‍ സഹായിക്കും.

5. കിണറിലെ വെള്ളത്തിന് ക്ലോറിൻ്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കില്‍ അല്‍പം കൂടി ബ്ലീച്ചിംഗ് പൗഡര്‍ ഒഴിക്കുക. രൂക്ഷഗന്ധമാണെങ്കില്‍ ഒരു ദിവസത്തിനു ശേഷം കുറഞ്ഞോളും.

6. വെള്ളപ്പൊക്ക ഭീഷണിയില്‍ ആദ്യ തവണയെങ്കിലും സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിൻ്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക.

7. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടക്കിടക്ക് (ജലസ്രോതസില്‍ നിന്നും ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധം ഇല്ലാതായാല്‍ ഉടനെ) ക്ലോറിനേഷന്‍ ചെയ്യുന്നതാണ് ഉത്തമം.

8. ക്ലോറിന്‍ ചേര്‍ത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അല്‍പനേരം തുറന്നു വച്ചാല്‍ കുറഞ്ഞോളും.

9. ക്ലോറിനേഷന്‍ ചെയ്ത വെളളം കുടിക്കുവാന്‍ വിമുഖത കാണിക്കുന്നവര്‍ വെള്ളം പതിനഞ്ചു മുതല്‍ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം (ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയില്‍ വെക്കുക) ചൂടാറ്റി ഉപയോഗിക്കുക. ഒരു കാരണവശാലും ചൂടാറ്റുവാന്‍ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത് .

10. തുറസായ ഇടങ്ങളില്‍ ജലസ്രോതസുകള്‍ക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ശ്രദ്ധിക്കുക അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ വളരെ എളപ്പമാണ്.

11. കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയുവാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത്. കലക്കു മാറ്റാന്‍ ഒരു പ്രതിവിധി എന്ന നിലയില്‍ കിണറില്‍ ‘ആലം’ പോലുള്ള കെമിക്കല്‍ ചേര്‍ക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ കിണറുകളില്‍ ആലം ഉപയോഗിക്കുമ്പോള്‍ പല ആരോഗൃപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

12. കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഊറാന്‍ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ, കോട്ടണ്‍ തുണി അടുക്കുകളായി വച്ച് അരിച്ചെടുക്കുകയോ, വെള്ളമെടുക്കുന്ന ടാപിന്റെ അറ്റത്ത് പഞ്ഞിയോ, തുണിയോ നല്ലപോലെ കെട്ടിവച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കില്‍ മണലും കരിയും അടുക്കുകളായി വച്ച് ഒരു താല്‍ക്കാലിക ഫില്‍ട്ടര്‍ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ, മാര്‍ക്കെറ്റില്‍ നിന്നും കിട്ടുന്ന ഒരു സാധാരണ ഫില്‍ട്ടര്‍ ഉപയോഗിക്കുകയോ ചെയ്യുക.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com