ജക്കാർത്ത: ഇന്തോനേഷ്യയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ട്. 832 പേർ മരിച്ചതായാണ് രാജ്യത്തെ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക്.
7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ ആയിരക്കണക്കിനു വീടുകളും നിരവധി കെട്ടിടങ്ങളും തകർന്നു വീണു. സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിന്റെ തീരത്ത് പത്തടിയിലേറെ ഉയരത്തിൽ ആഞ്ഞടിച്ച സുനാമി തിരമാലകൾ നിരവധി നാശനഷ്ടങ്ങളാണ് വരുത്തിയത്. സമുദ്രതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞു കൂടിയതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഭൂകമ്പത്തിൽ കനത്ത നാശം സംഭവിച്ച പാലു നഗരത്തിലെ പ്രധാന ആശുപത്രിയും ഭാഗികമായി തകർന്നു. പരുക്കേറ്റവരെ ആശുപത്രിക്കു പുറത്തു കിടത്തിയാണു ചികിത്സിക്കുന്നത്.