പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ റോഡ് നിര്‍മാണം അടൂരില്‍ ആരംഭിച്ചു. സോയില്‍ സ്റ്റെബിലൈസേഷന്‍ ആന്‍ഡ് റീസൈക്ലിങ് വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണമാണിത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അടൂരിലെ പള്ളിക്കല്‍ പഞ്ചായത്തിലാണ് റോഡ് നിര്‍മാണം. പൊതുമരാമത്ത് വകുപ്പിന്റെ പുതിയ കാലം പുതിയ നിര്‍മാണം എന്ന പദ്ധതിയെ മുന്‍ നിര്‍ത്തിയാണ് റോഡ് നിര്‍മാണത്തിന്റെ തുടക്കം.
മുപ്പത്തിയഞ്ച് കിലോമീറ്റര്‍ നീളമുള്ള ഈ റോഡിന്റെ അഞ്ച് കിലോമീറ്റര്‍ ഭാഗമാണ് പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തീകരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകും. വിശ്വസമുദ്ര എന്ന ആന്ധ്ര ആസ്ഥാനമായുള്ള കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. സാധാരണ റോഡ് നിര്‍മാണത്തിനുള്ള മെറ്റീരിയല്‍സ് ലാഭിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഇത്തരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ കാലാവധി പതിനഞ്ച് വര്‍ഷമാണ്.
ആനയടികൂടല് സംസ്ഥാന പാതയിലെ പള്ളിക്കല്‍ പഞ്ചായത്തിലുള്‍പ്പെട്ട അഞ്ച് കിലോമീറ്റര്‍ റോഡാണ് ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തീകരിക്കുന്നത്. നിലവിലെ റോഡിന്റെ മുകളിലേക്ക് സിമന്റും ജര്‍മന്‍ നിര്‍മിത സ്റ്റൈബിലൈസറും വിതറും ഇതിന് മുകളിലൂടെ പ്ലവനൈസര് എന്ന യന്ത്രം ഓടിച്ച് റോഡ് ഇളക്കി മറിക്കും. ശേഷം മുകള്‍ ഭാഗം ഉറപ്പിച്ചതിന് ശേഷം സിമന്റ് ചേര്‍ത്ത് പ്രത്യേക മിശ്രിതം ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തുന്നതോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാകും. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 109 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കിഫ്്ബിയില്‍ നിന്നുള്ള ഫണ്ടാണ് വിനിയോഗിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ ബാക്കിയുള്ള റോഡുകള്‍ കൂടി ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അധികൃതര്‍ പറഞ്ഞു.