പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിന്റെ കാര്യത്തിൽ സർക്കാരും സിപിഎമ്മും എട്ടുകാലി മമ്മൂഞ്ഞിന്റെ പണിയാണ് പയറ്റുന്നതെന്ന് കെപിസിസി സെക്രട്ടറി അഡ്വ: പഴകുളം മധു.
അടൂർ പ്രകാശിന്റെയും യുഡിഎഫ് സർക്കാരിന്റെയും സമഗ്ര സംഭാവനയായ മെഡിക്കൽ കോളജിന്റെ പേരിൽ നടത്തുന്ന അവകാശവാദം പരിഹാസ്യമാണ്. വല്ലവന്റെയും കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുന്നപോലെയാണിത്. ജാള്യം മറക്കുന്നത് അടൂർ പ്രകാശല്ല ആരോഗ്യമന്ത്രിയാണ്.
കഴിഞ്ഞ മൂന്നുവർഷമായി മെഡിക്കൽ കോളജിന് തുരങ്കം വെച്ചവർ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കൽപിതകഥ മെനയുകയാണ്. ഉപതെരഞ്ഞെടുപ്പ് വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും സർക്കാർ മെഡിക്കൽ കോളജിനുവേണ്ടി ഒന്നും ചെയ്യുമായിരുന്നില്ല. കോന്നിയിലെ ജനങ്ങൾക്കും ജില്ലയ്ക്കും ഒട്ടേറെ അവസരങ്ങൾ കഴിഞ്ഞ മൂന്ന് വർഷം നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിയും സിപിഎം ജില്ലാ കമ്മറ്റിയും ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്.
അന്ധമായ യുഡിഎഫ് – അടൂർ പ്രകാശ് വിരോധം മൂലം കോന്നിയിൽ തുടങ്ങിവെച്ച എല്ലാ വികസന പ്രവർത്തനങ്ങളെയും തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന നയമാണ് ഇതുവരെ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ വികസന വിരോധം തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയാകുമെന്ന ഭയംകൊണ്ടാണ് പ്രഖ്യാപനങ്ങളുമായി സർക്കാർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ടെന്നും പഴകുളം മധു പറഞ്ഞു.