11
Tuesday
May 2021

ഭക്തര്‍ക്ക് താങ്ങുംതണലുമായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍

Google+ Pinterest LinkedIn Tumblr +

ശബരിമല: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്കുവേണ്ട സൗകര്യമൊരുക്കി സംസ്ഥാന ആരോഗ്യവകുപ്പ്. നേരത്തേയുണ്ടായിരുന്ന ഓക്‌സിജന്‍ പാര്‍ലറുകളുടെ സ്ഥാനത്ത് ആധുനിക സംവിധാനത്തിലുള്ള എമര്‍ജന്‍സി മെഡിക്കല്‍സെന്ററുകളാണ് (ഇ.എം.സി.) ഇപ്പോഴുള്ളത്. മലകയറുമ്പോള്‍ തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ശ്വാസതടസം മാറുന്നതിനുവേണ്ടിയുള്ള പ്രാഥമിക ശുശ്രൂഷകള്‍ക്കുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജിവിതശൈലി രോഗങ്ങള്‍ പരിശോധിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ഫിസിഷ്യന്‍, ഓര്‍ത്തോ തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ഇവിടെ 24 മണിക്കൂറും ലഭ്യക്കും. ഇതര സംസ്ഥാനത്തുനിന്നെത്തുന്ന അയ്യപ്പന്മാരുള്‍പ്പടെ നിരവധി ഭക്തരാണ് നിത്യേന ഇവിടങ്ങളില്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ശബരിമല നോഡല്‍ ഓഫീസറായി ഡോ. ജി. സുരേഷ്ബാബു സേവനമനുഷ്ഠിക്കുന്നു.
പമ്പ മുതല്‍ സന്നിധാനംവരെ 18 ഇ.എം.സികള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ പരിശീലനം സിദ്ധിച്ച നഴ്‌സുമാരാണ് സേവനസന്നദ്ധരായുള്ളത്. അയ്യപ്പസേവാ സംഘത്തിലെ സന്നദ്ധഭടന്മാരുടെ സഹായസഹകരണവും ഭക്തര്‍ക്ക് ലഭിക്കുന്നുണ്ട്. നിലയ്ക്കല്‍, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, സന്നിധാനം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സന്നിധാനത്തെ ആശുപത്രിയില്‍ 11 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 47ല്‍പ്പരം ജീവനക്കാരാണ് തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങളൊരുക്കുന്നത്. ശബരിമലയില്‍ എല്ലായിടത്തും കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്.

ഭക്തര്‍ക്ക് സേവനമൊരുക്കി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി
മണ്ഡലമകരവിളക്ക് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സേവനമൊരുക്കി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി. പമ്പയിലും സന്നിധാത്തും എമര്‍ജന്‍സിയുടെ ഓരോ സെന്റകള്‍ പ്രവര്‍ത്തിക്കുന്നു. മരുന്നുകള്‍ക്ക് പത്തുശതമാനം മുതല്‍ തൊണ്ണൂറ് ശതമാനംവരെ വിലക്കുറവില്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ നിന്നും ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി സെന്ററില്‍ നാല് ജിവനക്കാരാണ് സേവനത്തിനുള്ളത്.

നെയ്യഭിഷേകം ഉറപ്പുവരുത്തി: ദേവസ്വംബോര്‍ഡിന്റെ ക്രമീകരണം
നെയ്യഭിഷേക സമയം കഴിഞ്ഞാലും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന നെയ്യ് പൂര്‍ണമായും അയ്യപ്പന് അഭിഷേകം നടത്താന്‍ പ്രത്യേക ക്രമീകരണങ്ങളൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡധികൃതര്‍. സന്നിധാനത്തെത്തുന്ന ഭക്തര്‍ അഭിഷേകത്തിന് നല്‍കുന്ന നെയ്യ് മുദ്രയുടെ 30ശതമാനം തിരികെനല്‍കി ബാക്കി പ്രത്യേകം തയ്യാറാക്കിയ പാത്രത്തില്‍ ശേഖരിച്ചശേഷം അടുത്ത നെയ്യഭിഷേക സമയത്ത് പൂര്‍ണമായും അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം നടത്താനുതകുന്നതാണ് പുതിയ ക്രമീകരണം. സി.സി.ടി.വി. ക്യാമറയുടെ നിരീക്ഷണത്തില്‍ തികച്ചും സുതാര്യമായാണ് ശേഖരണവും അഭിഷേകവും നടത്തുകയെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ നെയ്യഭിഷേകം നടത്തുന്നതിന് മുദ്രയൊന്നിന് പത്തുരൂപ ടിക്കറ്റ് നിരക്കും ഏര്‍പ്പെടുത്തി.

ഒരു നെയ്യ്‌തേങ്ങയില്‍ നിറയ്ക്കുന്ന നെയ്യ് എന്നതാണ് ഒരുമുദ്രകൊണ്ട് ഉദ്ദേശിക്കുന്നത്. നേരത്തെ നെയ്യഭിഷേക സമയം കഴിഞ്ഞ് സന്നിധാനത്തെത്തുന്ന സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്യ് നെയ്യ് തോണിയില്‍ ഒഴിച്ചശേഷം ആടിയശിഷ്ടം നെയ്യ് വിലനല്‍കി വാങ്ങിപ്പോവുകയായിരുന്ന പതിവ്. ഇതിനുപകരം അയ്യപ്പന് സമര്‍പ്പിക്കുന്ന നെയ്യ് പൂര്‍ണമായും വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും എന്നതാണ് പുതിയക്രമീകരണത്തിന്റെ നേട്ടം. ഇതിനായി സന്നിധാനത്ത് വടക്കേനടയില്‍ പുതിയ കൗണ്ടറും ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഭഗവാന് വഴിപാടായി സമര്‍പ്പിച്ച ഒരുതുള്ളി നെയ്യ്‌പോലും പാഴാവാതെ അഭിഷേകം ചെയ്യുന്നൂയെന്ന ഉറപ്പോടെ ഭക്തന് മലയിറങ്ങാന്‍ കഴിയുമെന്നതാണ് പുതിയ ക്രമീകരണത്തിന്റെ മെച്ചം. ഈ സൗകര്യം വലിയതോതില്‍ ഭക്തര്‍ ഉപയോഗപ്പെടുത്തുന്നു.

സന്നിധാനത്ത് ഡിജിറ്റല്‍ കാണിക്കകൗണ്ടറും
അയ്യപ്പഭക്തര്‍ക്ക് കാണിക്കയിടാന്‍ പ്രത്യേക ഡിജിറ്റല്‍ കൗണ്ടറും. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് സന്നിധാനത്ത് പ്രത്യേക ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ തുടങ്ങിയിരിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇവിടെ കാണിക്കയിടാനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിനായി സൈ്വപ്പിങ് മെഷിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യം ഡിജിറ്റല്‍മണി പ്രോത്സാഹിപ്പിക്കുന്ന കാലത്ത് കറന്‍സി കൈയ്യില്‍ കരുതാത്ത ഭക്തജനങ്ങള്‍ക്ക് കാണിക്കയര്‍പ്പിക്കാന്‍ ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ ഉപയോഗപ്രദമാകുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ പറഞ്ഞു. ശ്രീകോവിലിന് പടിഞ്ഞാറ് ഭാഗത്താണ് ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com