25
Wednesday
November 2020

അതിവേഗ തീരുമാനങ്ങളുമായി കളക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പ്രളയക്കെടുതിയുടെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയ ആഗസ്റ്റ് 15ന് വെളുപ്പിന് രണ്ട് മുതല്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അക്ഷരാര്‍ഥത്തില്‍ യുദ്ധസമാനമായ സാഹചര്യത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, വീണാജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി.നൂഹ് എന്നിവര്‍ 15ന് രാവിലെ മുതല്‍ കണ്‍ട്രോള്‍ റൂമിൻ്റെ പ്രവര്‍ത്തനം ഏറ്റെടുത്തു. ഒരിക്കല്‍ പോലും ഇത്തരത്തിലൊരു സാഹചര്യം നേരിട്ട് മുന്‍പരിചയമില്ലാതിരുന്നിട്ടും 24 മണിക്കൂറും കാര്യങ്ങള്‍ ഏകോപിപ്പിച്ച് കളക്ടറേറ്റിലെയും വിവിധ വകുപ്പുകളിലെയും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ രാവും പകലുമില്ലാതെ നാല് ദിവസം പ്രവര്‍ത്തിച്ചത് ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിന് ഏറെ സഹായകമായി.

ഡിഐജി ഷെഫീന്‍ അഹമ്മദ്, സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.ഹരികിഷോര്‍ എന്നിവര്‍ എത്തിയതോടെ മന്ത്രി മാത്യു ടി.തോമസും വീണ ജോര്‍ജ്ജ് എംഎല്‍എയും കളക്ടര്‍ പി.ബി.നൂഹും തിരുവല്ല, കോഴഞ്ചേരി താലൂക്ക് ഓഫീസുകളിലും പ്രളയദുരിതബാധിത പ്രദേശങ്ങളിലും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ ഫീൽഡ് തല ഏകോപനം കൂടുതല്‍ കാര്യക്ഷമമായതോടെ 16, 17 തീയതികളില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളില്‍ കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി അപകടനില തരണം ചെയ്യുവാന്‍ കഴിഞ്ഞു.

തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ നിന്നെത്തിയ 149 മത്സ്യബന്ധന ബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനം നല്‍കുക, ബോട്ടുകളെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ നിന്ന് ബോട്ടുകളെ അടിയന്തര സാഹചര്യമുള്ളിടത്തേക്ക് മാറ്റുക, പത്തനംതിട്ടയിലേക്കെത്തിയ ബോട്ടുകളെ തടഞ്ഞ് ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന സാഹചര്യത്തെ നേരിടുക, കേടായ ബോട്ടുകള്‍ക്ക് പകരം പുതിയവ എത്തിക്കുക തുടങ്ങിയ ഏറ്റവും ശ്രമകരമായ ജോലികള്‍ അതിവിദഗ്ദ്ധമായാണ് നടത്തിയത്.

സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.ഹരികിഷോറിൻ്റെയും ജില്ലാ കളക്ടര്‍ പി.ബി.നൂഹിൻ്റെയും ജില്ലാ പോലീസ് മേധാവി ടി.നാരായണൻ്റെയും നിര്‍ദേശപ്രകാരം ഈ ജോലികള്‍ ഏകോപിപ്പിച്ചത് കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ എല്‍.നന്ദകുമാറിൻ്റെ നേതൃത്വത്തില്‍ വി.എ.ബേബി, സീനിയര്‍ ക്ലര്‍ക്കുമാരായ ജി.ബിജു, രാമകൃഷ്ണപ്രകാശ്, വി.ജി.സുജാകുമാരി എന്നിവരാണ്. ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനമാണ് ഈ ടീം കാഴ്ചവച്ചത്. ജില്ലാ പോലീസ് സൂപ്രണ്ട് ടി.നാരായണൻ്റെ മേല്‍നോട്ടത്തില്‍ പോലീസ് വകുപ്പും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ നടത്തിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com