തിരുവനന്തപുരം: കാന്‍സര്‍ രോഗത്തിന്റെ വ്യാപനം ഗൗരവമായി കാണണമെന്നും രോഗപ്രതിരോധത്തില്‍ ഊന്നല്‍ നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ പ്രാഥമിക രോഗനിര്‍ണയത്തിന് ഇപ്പോള്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.സി.സി.യിലെ പുതിയ മന്ദിരം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കാന്‍സര്‍ രോഗത്തിന്റെ വ്യാപനത്തിനും ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നതിനും എതിരെ ബോധവത്കരണവും പ്രതിരോധനടപടികളും വേണം. രോഗത്തിനിടയാകുന്ന ഘടകങ്ങള്‍ സംബന്ധിച്ച് കൃത്യമായ അവബോധമുണ്ടാക്കണം. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് അടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. നല്ല രീതിയിലെ ഒ.പി. സൗകര്യവും വര്‍ധിപ്പിച്ചു.
താഴേത്തട്ടില്‍ വില്ലേജ്തലത്തില്‍ പരിശോധനാ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതിനാല്‍ സംസ്ഥാനമാകെ വലിയതോതില്‍ രോഗനിര്‍ണയം സാധിക്കുന്നുണ്ട്. 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യരംഗത്ത് ഇത് വലിയമാറ്റം സൃഷ്ടിക്കുന്നുണ്ട്.
കൂടുതല്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ വന്നിട്ടും ആര്.സി.സി.യില്‍ തിരക്കിന് കുറവില്ല. പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോടെ സൗകര്യപ്രദമായ സേവനം ലഭിക്കുന്നതിനൊപ്പം സ്ഥലപരിമിതിയുടെ പ്രശ്നവും ഒരു പരിധി വരെ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ 138 കോടി രൂപയോളം വിവിധ പദ്ധതികള്‍ ആര്.സി.സി.യില്‍ ചെലവാക്കിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശെശലജ ടീച്ചര്‍ പറഞ്ഞു. ലീനിയര്‍ ആക്സിലറേറ്റര്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. കൊച്ചിയില്‍ കാന്‍സര്‍ സെന്ററിന് ശിലാസ്ഥാപനം കഴിഞ്ഞ് നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. കാന്‍സറിനെതിരായ പോരാട്ടത്തിന് കാന്‍സര്‍ സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയതായും മെഡിക്കല്‍ കോളേജുകളില്‍ സര്‍ജിക്കല്‍ ഓങ്കോളജി പ്രത്യേക വിഭാഗമാക്കിയതായും മന്ത്രി പറഞ്ഞു.
സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഡോ. ശശി തരൂര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, നഗരസഭാ കൗണ്‍സിലര്‍ എസ്. എസ്. സിന്ധു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു എന്നിവര്‍ സംബന്ധിച്ചു. ആര്.സി.സി. ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍ സ്വാഗതവും മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. സജീദ് കൃതജ്ഞതയും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരില്‍നിന്ന് 187 കോടി രൂപ ചെലവഴിച്ചാണ് 14 നിലകളും 2,81,673 ചതുരശ്രഅടി വിസ്തീര്‍ണവുമുള്ള പുതിയ കെട്ടിടത്തില്‍ ആധുനിക സേവന സൗകര്യങ്ങളുണ്ട്. റേഡിയോതെറാപ്പി, ന്യൂക്ലിയര്‍ മെഡിസിന്, ബ്ലഡ് ബാങ്ക്, ബോണ്‍മാരോ ട്രാന്‍പ്ലാന്റ് യൂണിറ്റുകള്‍, ലുക്കീമിയ വാര്‍ഡ്, മൈക്രോബയോളജി തുടങ്ങിയവ ഇവിടെ സജ്ജമാക്കും. രണ്ടുനിലകളില്‍ വാഹനപാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. രോഗികള്‍ക്കായി നിലവിലുള്ള കിടക്കകള്‍ക്ക് പുറമേ 250 കിടക്കകള്‍ കൂടി ഇവിടെ സജ്ജീകരിക്കും. സൗരോര്‍ജം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുമായിരിക്കും പ്രവര്‍ത്തനങ്ങള്‍. മലിനീകരണ നിയന്ത്രണ സംവിധാനവും സജ്ജമാക്കും.