9
Sunday
May 2021

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയം; കൊടിക്കുന്നില്‍ സുരേഷ് എം.പി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും കസ്റ്റഡി മരണങ്ങളും  പോലീസ് അതിക്രമങ്ങളും വ്യാപകമായിരിക്കുകയാണെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു.  അഴിമതിയും സ്വജന പക്ഷപാതവും, കെടുകാര്യസ്ഥതയും സര്‍ക്കാരിന്‍റെ മുഖമുദ്രയായി മാറി.  സര്‍ക്കാര്‍ വീമ്പു പറച്ചില്‍ നിര്‍ത്തി പ്രളയ ദുരിത ബാധിതരെ ജീവിതത്തിന്‍റെ മുഖ്യ ധാരയിലെത്തിക്കാന്‍ തയ്യാറാകണം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെയും പിഎസ്സി റാങ്ക് ലിസ്റ്റിലെ തട്ടിപ്പിനെതിരെയും സഹകരണ സ്ഥാപനങ്ങള്‍ അട്ടിമറിച്ച് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും യുഡിഎഫ് ന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കളക്ട്രേറ്റു പടിക്കല്‍ ആരംഭിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികൃതരുടെ ഒത്താശയോടെ പിഎസ്സിയില്‍ നടന്ന അഴിമതി വന്‍ ഗൂഢാലോചയുടെ ഫലമാണ്.  തൊഴിലന്വേഷകരായ കേരളത്തിലെ ലക്ഷക്കണക്കിനു ചെറുപ്പക്കാരെ വഞ്ചിച്ച്  ഡിവൈഎഫ്ഐ, എസ്എഫ്ഐ ചാവേറുകള്‍ക്ക് അഴിമതിയിലൂടെ റാങ്കും, ജോലിയും നല്‍കുന്നത് സര്‍ക്കാരിന്‍റെ ഉന്നതരുടെ അറിവോടെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.  

മുഖ്യമന്ത്രിയും സിപിഎമ്മും ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന പോലീസ് മേധാവി കെപിസിസി പ്രസിഡന്‍റിനെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയ നടപടി ജനാധിപത്യ വിരുദ്ധവും പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു.  ആന്‍റോ ആന്‍റണി എം.പി, ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, പന്തളം സുധാകരന്‍, കെ.ശിവദാസന്‍ നായര്‍, പി.മോഹന്‍രാജ്, ജോസഫ് എം പുതുശ്ശേരി, കെ.ഇ അബ്ദുള്‍ റഹ്മാന്‍, പഴകുളം മധു, മാലേത്ത് സരളാദേവി, അന്നപൂര്‍ണ്ണാദേവി, ഡി.കെ ജോണ്‍, എ. ഷംസുദ്ദീന്‍, സതീഷ് കൊച്ചുപറമ്പില്‍, കെ.ജയവര്‍മ്മ, എന്‍.എം രാജു, റ്റി.എം ഹമീദ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സനോജ് മേമന, വിഷ്ണു മണ്ണടി, ശ്രീകോമളന്‍, തോമസ് ജോസഫ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com