10
Saturday
April 2021

കുടുംബ പ്രശ്നങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നു; വനിതാ കമ്മീഷൻ

Google+ Pinterest LinkedIn Tumblr +

കണ്ണൂർ: പ്രായമായ അമ്മമാരെ മക്കൾ സംരക്ഷിക്കാത്തതുൾപ്പെടെയുള്ള കുടുംബ പ്രശ്നങ്ങളും സാമ്പത്തിക തട്ടിപ്പുകളും ജില്ലയിൽ കൂടിവരുന്നതായി വനിതാ കമ്മീഷൻ അംഗം ഇ എം രാധ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. 95 വയസ്സ് പ്രായമായ അമ്മയെ ആര് സംരക്ഷിക്കുമെന്നതിനെ ചൊല്ലി മക്കൾക്കിടയിലുണ്ടായ തർക്കം കമ്മീഷൻ മുമ്പാകെ പരാതിയായി എത്തുകയുണ്ടായി. രക്ഷിതാക്കളുടെ സ്വത്ത് എല്ലാവർക്കും വേണം, എന്നാൽ ആർക്കും അവരെ സംരക്ഷിക്കാൻ കഴിയില്ലെന്ന അവസ്ഥയാണ് പല കേസുകളിലും കാണാൻ കഴിയുന്നതെന്നും അവർ പറഞ്ഞു. ഏക മകൾ തങ്ങളെ ഉപദ്രവിക്കുന്നതായി കാണിച്ച് പ്രായമായ ദമ്പതികൾ നൽകിയ പരാതിയും കമ്മീഷൻ പരിഗണിച്ചു. പീഡനവും ഉപദ്രവവും സഹിക്കാനാവാതെ ഒരു വേള ആത്മഹത്യയ്ക്കു പോലും അമ്മ ശ്രമിച്ചതായി അവർ പറഞ്ഞു. കണ്ണൂരിലുള്ള വൃദ്ധ സദനങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞ സ്ഥിതിയാണെന്നും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരാണ് രക്ഷിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്നവരിൽ കൂടുതലെന്നും കമ്മീഷന്റെ അഡൈ്വസറി ബോർഡ് അംഗം അഡ്വ. പി വിമല കുമാരി പറഞ്ഞു.

വർഷങ്ങളായി തന്നെ തിരിഞ്ഞുനോക്കാത്ത ഭർത്താവിൽ നിന്ന് വിവാഹമോചനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഇരുവരെയും കൗൺസിലിംഗിന് വിധേയമാക്കി. നഷ്ടപരിഹാരത്തുകയെ കുറിച്ച് തീരുമാനമാവാത്തതിനാൽ അടുത്ത സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും. അമ്മയിൽ നിന്നും സ്വത്ത് ലഭിക്കുന്നില്ലെന്ന മക്കളുടെ പരാതിയും സഹോദരനിൽ നിന്ന് സ്വത്ത് ലഭിക്കുന്നില്ലെന്ന സഹോദരിമാരുടെ പരാതിയും അദാലത്തിൽ പരിഗണിക്കപ്പെട്ടു. ജോലിയുടെയും വിസയുടെയും മറ്റും പേരിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായ കേസുകളുമായി നിരവധി സ്ത്രീകൾ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഭർത്താവറിയാതെ ലക്ഷക്കണക്കിന് രൂപ മറ്റൊരാൾക്ക് കടം നൽകി പറ്റിക്കപ്പെട്ട കേസുകളും ഇക്കൂട്ടത്തിൽ പെടും. വകുപ്പുതലവനിൽ നിന്ന് നിന്ന് പീഡനം നേരിട്ടെന്ന പരാതിയുമായി കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥിനി കമ്മീഷൻ മുമ്പാകെ പരാതി നൽകിയിരുന്നുവെങ്കിലും പരാതിക്കാരിയോ വകുപ്പുതലവനോ സിറ്റിംഗിൽ ഹാജരാവാത്തതിനെ തുടർന്ന് കേസ് അടുത്ത തവണത്തേക്ക് മാറ്റി. പീഡനത്തെ തുടർന്ന് വിദ്യാർത്ഥി പഠിപ്പ് നിർത്തിപ്പോയതായും കമ്മീഷൻ അംഗം പറഞ്ഞു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് പന്നി ഫാമിനെതിരെ കുടുംബശ്രീ നൽകിയ പരാതിയും അദാലത്തിൽ പരിഗണിച്ചു. ബയോഗ്യാസ് പ്ലാന്റോ മറ്റ് മാലിന്യ സംസ്‌കരണ സംവിധാനങ്ങളോ ഇല്ലാതെയാണ് ഫാം പ്രവർത്തിക്കുന്നതെന്നാണ് പരാതി. പരാതിയിൽ സ്ഥല പരിശോധന നടത്താൻ അദാലത്തിൽ തീരുമാനമായി. പുതിയ നിരവധി പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ തീർപ്പാക്കിയ കേസുകളിൽ കൃത്യമായി വിധി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ കഴിയാറില്ലെന്ന് ഇ എം രാധ അഭിപ്രായപ്പെട്ടു.

85 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 27 പരാതികൾ തീർപ്പാക്കുകയും 14 പരാതികൾ തുടർ നടപടിക്കായി പോലീസിന് കൈമാറുകയും ചെയ്തു. ബാക്കി പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷൻ അഡൈ്വസറി ബോർഡ് അംഗങ്ങളായ കെ എം പ്രമീള, പത്മജ പത്മനാഭൻ, എസ് ഐ എൽ രമ, കൗൺസിലർമാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com