സാധാരണയായി ചെറിയ അളവില്‍ കൊഴുപ്പ് കരളിലുണ്ട്. ചിലപ്പോള്‍ ക്രമാതീതമായി കൊഴുപ്പ് കരളില്‍ അടിയുന്നു. ഇതിനാണ് ഫാറ്റി ലിവര്‍ എന്നു പറയുന്നത്. അധികമായി കൊഴുപ്പുണ്ടാക്കുന്നതാവാം ഇതിനു കാരണം. അല്ലെങ്കില്‍ വന്നുചേര്‍ന്ന കൊഴുപ്പ് കൃത്യമായി കൈകാര്യം ചെയ്യാന്‍ കരളിനു സാധിക്കാത്തതിനാലാകാം. ചിലപ്പോള്‍ ഈ കൊഴുപ്പ് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കരളിന്റെ ഭാരത്തില്‍ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവര്‍ രോഗം എന്നു പറയുന്നത്.
ഫാറ്റി ലിവര്‍ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി മദ്യപാനികള്‍ അല്ലാത്തവര്‍ക്കും ഈ രോഗം ധാരാളമായി കാണുന്നു. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം
ഫാറ്റിലിവറിന്റെ മറ്റു കാരണങ്ങള്‍
* അമിത വണ്ണം അതായത് പൊണ്ണത്തടി
* രക്തത്തില്‍ അധികം കൊളസ്ട്രോള്‍
* പ്രമേഹം
* പാരമ്പര്യം
* പെട്ടെന്നുള്ള ശരീരം മെലച്ചില്‍
* ചില ഔഷധങ്ങളുടെ പാര്‍ശ്വഫലം
* ഗര്‍ഭാവസ്ഥ
ഫാറ്റി ലിവറിന്റെ രോഗലക്ഷണങ്ങള്‍
മിക്കവാറും രോഗികളില്‍ രോഗലക്ഷണങ്ങള്‍ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോള്‍ ഉദരത്തിന്റെ മുകള്‍ഭാഗത്ത് അസ്വസ്ഥത ഉണ്ടാവാം. ഉദരഭാരം പരിശോധിക്കുമ്പോള്‍ കരള്‍ വലുതായിരിക്കുന്നതായി കണ്ടെത്തിയെന്നിരിക്കാം. ഫാറ്റി ലിവറിന്റെ കാഠിന്യം കൂടുമ്പോള്‍ കരളിന്റെ കോശങ്ങള്‍ അധികമായി നശിക്കുന്നു. കോശത്തിനു അധികം വരുന്നത് നാരുകള്‍ ആയിരിക്കും. ഇവ അധികമാകുമ്പോള്‍ ഫൈബ്രോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നു. ഇതിന്റെ പരിണിതഫലമാണ് ലിവര്‍ സിറോസിസ്. ഈ രോഗാവസ്ഥയും തുടക്കത്തില്‍ ഒരു രോഗലക്ഷണവും കാണിക്കുകയില്ല. പക്ഷേ, അടുത്ത ഘട്ടം കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി പരാജയപ്പെടുന്നതാണ്.
ലക്ഷണങ്ങള്‍ മഞ്ഞപ്പിത്തം, മഹോദരം (വയറിനുള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ), കാലില്‍ നീര്, രക്തം ഛര്‍ദ്ദിക്കുക എന്നിങ്ങനെയാണ്. ഏറ്റവും കടുത്ത രോഗമാകുമ്പോള് തലച്ചോറിനെ ബാധിച്ച് സ്വബോധം നഷ്ടപ്പെടുന്നു.
രോഗനിര്‍ണ്ണയം
ലബോറട്ടറി പരിശോധന വഴി കരളിന്റെ രോഗാവസ്ഥ കണ്ടുപിടിക്കാം. രക്തത്തിലെ ബിലിറൂബിന്‍ മഞ്ഞപ്പിത്തത്തിന്റെ അളവ് രേഖപ്പെടുത്തുന്നു. രക്തത്തിലെ ആല്ബുമിന് അളവ് കുറഞ്ഞാല്‍ അത് കരള്‍ പ്രവര്‍ത്തനത്തിന്റെ പരാജയം അറിയിക്കുന്നു. രക്തം സാധാരണരീതിയില്‍ കട്ടിപിടിക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോള്‍ രോഗം വളരെ ഗുരുതരമാണെന്ന് ഡോക്ടര്‍ മനസ്സിലാക്കണം.
കരളിന്റെ രോഗം മനസ്സിലാക്കുവാന്‍ ഏറ്റവും ഉപകരിക്കുന്ന പരിശോധന വയറിന്റെ അള്‍ട്രാ സൗണ്ട് ടെസ്റ്റാണ് ചില പ്രത്യേക തരത്തിലുള്ള ശബ്ദ വീചികള്‍ ഉപയോഗിച്ച് വയറിന്റെ ഉപരിഭാഗത്ത് പ്രോബ് വയ്ക്കുമ്പോള്‍ കമ്പ്യൂട്ടര്‍ മോണിട്ടറില്‍ കരളിന്റെ നിഴല്‍ തെളിയുന്നു. ഈ പരിശോധന തികച്ചും വേദനാരഹിതവും പാര്‍ശ്വഫലരഹിതവുമാണ്. ഇതു വഴി കിട്ടുന്ന കരളിന്റെ രോഗനിലയുടെ വിവരങ്ങള്‍ രോഗനിര്‍ണ്ണയത്തിന് വളരെ സഹായം ചെയ്യുന്നു.
ലിവര്‍ ബയോപ്സി ടെസ്റ്റ് ചിലപ്പോള്‍ ചെയ്യാറുണ്ട്. നെഞ്ചിന്റെ വലതുഭാഗത്ത് താഴത്തെ വാരിയെല്ലില്‍ ഇടയില്‍ കൂടി ചെറിയൊരു സൂചി കടത്തി കരളിന്റെ ഒരു ചെറിയ അംശം വലിച്ചെടുക്കുന്നു. ഇത് മൈക്രോസ്കോപ്പില്‍ കൂടി നിരീക്ഷിക്കുമ്പോള്‍ കരളിന്റെ കോശത്തിന്റെ യഥാര്‍ത്ഥ സ്ഥിതി, കൊഴുപ്പിന്റെ അളവ് എന്നിവ കൃത്യമായി ദൃശ്യമാകുന്നു. ഫാറ്റി ലിവര്‍ സ്ഥിതീകരിക്കാന്‍ ഈ പരിശോധനയ്ക്ക് 100 ശതമാനം കൃത്യതയുണ്ട് . പക്ഷേ, ഒരു സൂചി പ്രയോഗത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഉള്ളതിനാല്‍ ഈ പരിശോധന പതിവായി ചെയ്യാറില്ല.