ശബരിമല: മണ്ഡലകാല ഉത്സവം അവസാനിക്കാന്‍ പതിനൊന്ന് ദിവസം ശേഷിക്കേ ഭക്തരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഓരോ ദിവസവും പന്തീരായിരത്തോളം അയ്യപ്പന്മാരുടെ വര്‍ധന പമ്പയിലെ പോലീസ് കണ്ട്രോള് റൂം രേഖപ്പെടുത്തുന്നു. വെളുപ്പിന് രണ്ടിനും പത്തിനും ഇടയിലാണ് അയ്യപ്പന്മാരുടെ തിരക്കു തുടങ്ങും. പരമാവധി എത്തുന്നത് രാവിലെ ആറിനും എട്ടിനും ഇടയ്ക്കുള്ള സമയത്താണ്. ഏറ്റവും കുറവ് അനുഭവപ്പെടുന്നത് വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയ്ക്കാണ്. വെള്ളിയാഴ്ച്ച മാത്രം എത്തിയത് 76,579 പേരാണ്.
മണ്ഡല ഉത്സവ സമാപനത്തിനു മുന്നോടിയായുള്ള തങ്ക അങ്കി ഘോഷയാത്ര 23ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഘോഷയാത്ര 26ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തും. വൈകുന്നേരത്തോടെ സന്നിധാനത്ത് സ്വീകരണം നല്‍കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തും. അന്നേ ദിവസം രാത്രി പത്തിന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് നടതുറക്കും. മണ്ഡലകാല ഉത്സവം തീരാന്‍ ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ വരുംനാളുകളില്‍ തീര്‍ഥാടകരുടെ എണ്ണം വളരെ വര്‍ധിക്കാനാണ് സാധ്യത