തൃശൂര്‍ : ജില്ലയിലെ 86 പഞ്ചായത്തുകള്‍, 7 മുനിസിപ്പാലിറ്റികള്‍, കോര്പ്പറേഷന് എന്നിവിടങ്ങളിലെ എല്ലാ സ്ഥിതി വിവര കണക്കുകളും ഓണ്‍ലൈനായി ഇനി മുതല്‍ ജനങ്ങള്‍ക്കു ലഭ്യമാകും. പ്രാദേശിക വികസനത്തിന് ആവശ്യമായ സ്ഥിതി വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പദ്ധതി. ഇതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, റോഡുകള്‍, അംഗന്‍വാടികള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ എണ്ണവും വിവരങ്ങളും കോളേജുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളുടെയും അധ്യാപകരുടേയും എണ്ണവും ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വിവരങ്ങളും തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ എണ്ണവും ലഭിക്കും. ജനന, മരണ നിരക്കുകളും കൃഷി സംബന്ധമായ വിവരങ്ങളും ഇതിലൂടെ അറിയാം. സാമ്പത്തിക സ്ഥിതി വിവര കണക്കു പ്രകാരം വിവരങ്ങള്‍ അറിയുവാനുള്ള വെബ്സൈറ്റ് വിലാസം : ecostatkerala.gov.in
ഓണ്‍ലൈന്‍ സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ഹാളില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ് നിര്‍വഹിച്ചു. സാമ്പത്തിക സ്ഥിതി വിവരകണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍ അധ്യക്ഷത വഹിച്ചു. റിസര്‍ച്ച് ഓഫീസര്‍ പി.എന്‍. രതീഷ്, കെ.കെ. ഹരി, ടി.എസ്. സുരേഷ്, ടി.എന്‍. സുഷമ എന്നിവര്‍ പങ്കെടുത്തു.