9
Sunday
May 2021

തണ്ണീര്‍മുക്കം ബണ്ടിന്റെ പരിധിയില്‍ മീന്‍പിടുത്തവും മണല്‍വാരലും നിരോധിച്ചു

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കൃഷിയുടെ സംരക്ഷണത്തിനായി ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഇറിഗേഷന്‍ വകുപ്പ് അടച്ച തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ജാക്കി വെച്ച് ഉയര്‍ത്തി മീന്‍പിടിക്കുന്നത് തടഞ്ഞുകൊണ്ടും തണ്ണീര്‍മുക്കം ബാരേജിന്റ തെക്കും വടക്കും 100 മീറ്റര്‍ വരെ എല്ലാ വിധത്തിലുള്ള മത്സ്യബന്ധനവും, ചീനവല സ്ഥാപിക്കലും അനധികൃതമായി മണല്‍ വാരുന്നതും കര്‍ശനമായി നിരോധിച്ചുകൊണ്ടും ജില്ലാകളക്ടര്‍ ഉത്തരവായി.

നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി ജില്ലാ പോലീസ് മേധാവി കൈക്കൊളളണമെന്നും ഇവിടെ ബാരേജ് ഷട്ടര്‍ ഉയര്‍ത്തി കല്ലു വെച്ചുളള അനധികൃത മത്സ്യബന്ധനം തടയുന്നതിന് രാത്രികാല പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ മണല്‍വാരല്‍ നടക്കുന്നുണ്ടെന്നും ഇത് നിരോധിക്കേണ്ടത് അനിവാര്യമാണെന്നും, തണ്ണീര്‍മുക്കം ബണ്ടിന്റ ഷട്ടറുകള്‍ ജാക്കി വെച്ചുയര്‍ത്തി മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഉപ്പുവെളളം കയറി കുട്ടനാട്ടിലെയും കോട്ടയത്തെയും നെല്‍കൃഷിയ്ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

ഉപ്പിന്റെ അംശം 2.5 മില്ലിമോഴ്‌സില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഉപ്പുവെളളം കയറുന്നത് കൃഷി നശിക്കാന്‍ കാരണമാകുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ടി സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജനുവരി 10ന് കൂടിയ കൃഷി വകുപ്പ് മന്ത്രി, സിവില്‍സപ്ലസ് വകുപ്പ് മന്ത്രി, ഇറിഗേഷന്‍ വകുപ്പ് മന്ത്രി എന്നിവരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com