പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കരയിൽ നിന്ന് പ്ലസ് വൺ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അമ്മയുടെ ബന്ധുവടക്കം അഞ്ചുപേർ പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്.
പത്തനംതിട്ട പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സംഘത്തെ പെരുമ്പാവൂരിൽ നിന്നും പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തു. കാറിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു. മൈസൂരിലുള്ള ഗുണ്ടാ സംഘമാണ് സംഭവത്തിലുൾപ്പെട്ടവരെന്നു കരുതുന്നു. കുട്ടിയുമായി കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം.
പത്തനംതിട്ട പോലീസ് കസ്റ്റഡിയിലുള്ള സംഘത്തെ സിഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ മഞ്ഞനിക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രേമദാസ് (31), ഹനീഫ (33), ചന്ദ്രശേഖരൻ (22), അവിനാശ് (24), അലക്സ് ജോൺ (35), കുട്ടിയുടെ ബന്ധു രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മുരളിയെ ഇനിയും പിടികിട്ടാനുണ്ട്.