22
Thursday
April 2021

വെള്ളപ്പൊക്ക ദുരിതാശ്വാസം; നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

കൊല്ലം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കളക്‌ട്രേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം.
സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ് സംസ്ഥാനത്തുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നിര്‍വഹിക്കുവാന്‍ പൊതുവില്‍ സാധിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ തുടരുന്നവര്‍ക്കും ആവശ്യമായ സഹായം എത്തിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പ്രസ്ഥാനങ്ങളും മാതൃകാപരമായ പങ്കുവഹിച്ചിട്ടുണ്ട്. തുടര്‍ന്നും ഈ സഹകരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. ക്യാമ്പുകളില്‍ നല്ല ഭക്ഷണവും ശുദ്ധജലവും മുടക്കമില്ലാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടനാട്ടിലെ ക്യാമ്പുകളില്‍ പച്ചക്കറികള്‍ എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് നടപടി സ്വീകരിക്കണം.

കുട്ടനാട്ടില്‍ ശുദ്ധജലം വലിയ കുപ്പികളിലും ജാറുകളിലുമാക്കി വള്ളങ്ങളില്‍ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കണം. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തണം. വെള്ളം ഇറങ്ങി, സാധാരണ നിലയില്‍ എത്തുന്നതുവരെ ഇത് തുടരണം. ക്യാമ്പുകളില്‍ വരാതെ വീടുകളില്‍ കഴിയുന്നവര്‍ക്കും ആവശ്യമെങ്കില്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. വെള്ളം ഇറങ്ങുമ്പോള്‍ പകര്‍ച്ചവ്യാധി വ്യാപിക്കാതിരിക്കാന്‍ കരുതലോടെയുള്ള ഇടപെടല്‍ വേണം. ശുചീകരണത്തിന് നാടാകെ ഒന്നിച്ചിറങ്ങണം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ചുമതല നല്‍കണം. ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ചുമതലയുള്ളവര്‍ ഉറപ്പാക്കണം. ആരോഗ്യമേഖലയില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം. എല്ലായിടത്തും ഡോക്ടര്‍മാരുടെ സേവനവും ആവശ്യത്തിന് മരുന്നും ഉണ്ടാകണം. ക്യാമ്പുകളില്‍ മതിയായ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം. കുട്ടനാട്ടില്‍ ബയോ ടോയ്‌ലെറ്റുകള്‍ സജ്ജമാക്കണം.

രണ്ടോ അതിലധികമോ ദിവസം വീട്ടില്‍ വെള്ളം കെട്ടിനിന്നവര്‍ക്ക് 3800 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. കലക്ടര്‍മാര്‍ മുന്‍കൈ എടുത്ത് ഈ തുക ചൊവ്വാഴ്ച്ചയ്ക്കുള്ളില്‍ കൊടുത്തു തീര്‍ക്കണം. പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍നിന്ന് അവ നല്‍കാന്‍ നടപടി സ്വീകരിക്കണം. വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സമയമാണിത്. ആലപ്പുഴയിലും കോട്ടയത്തും ഇതിനുള്ള സമയപരിധി നീട്ടിക്കൊടുക്കാവുന്നതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കണം.

കുട്ടനാട്ടിലെ മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ കൃത്യമായി എത്തുന്നു എന്ന് ഉറപ്പാക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അംഗീകൃത കമ്പനികളുടെ പാക്കറ്റ് പാലോ മറ്റു സ്ഥലങ്ങളിലെ പാല്‍ സൊസൈറ്റികളില്‍നിന്നുള്ള പാലോ എത്തിച്ചു നല്‍കാവുന്നതാണ്. ക്യാമ്പുകളിലും വീടുകളിലുമുള്ള കന്നുകാലികള്‍ക്ക് തീറ്റ എത്തിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ ആവശ്യത്തിന് പാചക വാതക സിലണ്ടറുകൾ എത്തിക്കുന്നതിന് പാചക വാതക കമ്പനികളുമായി ബന്ധപ്പെട്ട് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

കൊല്ലത്ത് വനം മന്ത്രി കെ. രാജു, ആലപ്പുഴയില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, തിരുവനന്തപുരത്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവര്‍ തിരുവനന്തപുരത്തും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, കേരളാ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ മേധാവി ശേഖര്‍ കുര്യാക്കോസ്, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സബ് കളക്ടര്‍ ഡോ. എസ്. ചിത്ര എന്നിവര്‍ കൊല്ലത്ത് മുഖ്യമന്ത്രിയോടൊപ്പവും ജില്ലാ കലക്ടര്‍മാരായ ബി.എസ്. തിരുമേനി കോട്ടയത്തും എസ്. സുഹാസ് ആലപ്പുഴയിലും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com