10
Saturday
April 2021

പ്രളയം; ജില്ലാഭരണകൂടത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് യു.എന്‍ സംഘം

Google+ Pinterest LinkedIn Tumblr +

എറണാകുളം: പ്രളയത്തെ ഫലപ്രദമായി നേരിടുന്നതിലും ദുരിതാശ്വാസ, പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ലാ ഭരണകൂടം കാഴ്ചവെച്ചതെന്ന് ജില്ലയിലെ പ്രളയക്കെടുതി വിലയിരുത്താനെത്തിയ ഐക്യരാഷ്ട്രസഭ സംഘം വിലയിരുത്തി.

ഐക്യരാഷ്ട്ര വികസന പരിപാടി (UNDP) പ്രതിനിധികളായ ഡോ.പി.എസ്.ഈസ, ഫിലിപ് മാത്യു, ആഭ മിശ്ര, ജോണ്‍ ജോര്‍ജ്, മൈക്കിള്‍ വേദ ശിരോമണി, ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) പ്രതിനിധി മുരളീധരന്‍, ഐക്യരാഷ്ട്ര വനിത (UN Women) പ്രതിനിധി അര്‍പ്പിത വര്‍ഗ്ഗീസ്, ഐക്യരാഷ്ട്ര ശിശുക്ഷേമനിധി (UNICEF) പ്രതിനിധികളായ പി.കെ.ആനന്ദ്, സുരന്‍ഗ ഡി സില്‍വ, റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ ഓഫീസ് (UNRCO) പ്രതിനിധി രഞ്ജിനി മുഖര്‍ജി, വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന (UNESCO) പ്രതിനിധി ജീ ബ്രൂക്ക് എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

ജില്ലയില്‍ കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളും മഴ ശക്തമായ ആഗസ്റ്റ് മാസം ജില്ലാ ഭരണകൂടം കൈക്കൊണ്ട സുരക്ഷാ നടപടികളും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സംഘത്തോട് വിവരിച്ചു. പ്രളയത്തെ തുടര്‍ന്ന് വിവിധ സേനകളും വകുപ്പുകളും മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും പ്രവാസികളും ഇതര സംസ്ഥാനങ്ങളും നല്‍കിയ സേവനവും സഹായവും വിവരിച്ചു. ജില്ലയിലെ ജീവന്‍ രക്ഷാ നടപടികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ , വൈദ്യസഹായം, ഭക്ഷണ വിതരണം തുടങ്ങിയവയും വിശദീകരിച്ചു. അടിയന്തര ധനസഹായ വിതരണവും കിറ്റ് വിതരണവും സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയതും സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു.

പ്രളയം നേരിട്ടു ബാധിച്ച വകുപ്പുകളുടെ മേധാവികള്‍ നാശനഷ്ടത്തിന്റെ കണക്കും അതിജീവനപ്രവര്‍ത്തനങ്ങളും വിവരിച്ചു. ഭൂഗര്‍ഭ ജല വകുപ്പ്, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്, കൃഷി, വ്യവസായം, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ഫിഷറീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹരിത കേരളം മിഷന്‍ തുടങ്ങിയ വകുപ്പുകളുടെ മേധാവികള്‍ പവര്‍ പോയന്റ് അവതരണത്തിലൂടെ സംഘത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഓരോ വകുപ്പിനോടും സംഘാംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും നടപടികള്‍ വിലയിരുത്തുകയും ചെയ്തു. പ്രളയത്തിന്റെ ഫോട്ടോ, വീഡിയോ, പത്രവാര്‍ത്താ പ്രദര്‍ശനവും നടന്നു.

ഒരു ദിവസം മുമ്പ് ജില്ലയിലെത്തിയ സംഘാംഗങ്ങള്‍ പ്രളയം ഏറ്റവും നാശം വിതച്ച പറവൂര്‍ മേഖലകളിലൂടെ സഞ്ചരിച്ചിരുന്നു. ദൃശ്യങ്ങളിലെ ഭീകരതയില്‍ നിന്നും ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലക്കു കരകയറാനായത് അത്ഭുതകരമാണെന്ന് സംഘം പറഞ്ഞു. ഇത് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തന മികവിന് ഉദാഹരണമാണെന്നും സംഘം സാക്ഷ്യപ്പെടുത്തി. കൂടിക്കാഴ്ചക്കുശേഷം ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രവും (DEOC) സംഘം സന്ദര്‍ശിച്ചു. മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് കേന്ദ്രത്തിന്റെ രൂപകല്‍പനയും പ്രവര്‍ത്തനവുമെന്നും സംഘം വിലയിരുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com