പത്തനംതിട്ട: ശബരിമല പൂങ്കാവനം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. പൂജാസാധനങ്ങള്‍ ഉള്‍പ്പടെ കൊണ്ടുവരുന്ന ബാഗുകള്‍ പൂര്‍ണമായും ജൈവനിര്മിതമാക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. പരിസ്ഥിതി സൗഹൃദമായ ശബരിമലയാണ് ലക്ഷ്യമിടുന്നത്. ഇതിനായി മറ്റു സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുമായി ബന്ധപ്പെട്ട് ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പത്രങ്ങളില്‍ പരസ്യങ്ങളും നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന നിലപാടാണ് ഇന്നത്തെ സമൂഹത്തിനുള്ളത്.
നിലയ്ക്കല്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിക്കും. ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ എണ്ണ,സ്റ്റീല്‍ ഗ്ലാസ്സിലും പാളപാത്രങ്ങളിലും നല്‍കുന്നതിന് ആലോചനയുണ്ട്. പാളപാത്രങ്ങളുടെ നിര്‍മാണം കുടുംബശ്രീപോലെയുള്ള സംരംഭങ്ങളെ ഏല്‍പ്പിച്ചാല്‍ വലിയ തൊഴില്‍ സാധ്യതയുമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ തീര്‍ഥാടന സംസ്കാരം ഭക്തരിലും വളര്ത്തിയെടുക്കേണ്ടിയിരിക്കുന്നൂവെന്ന് പ്രസിഡന്റ് പറഞ്ഞു.