തിരുവനന്തപുരം: നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര് മരിക്കും, കുറെ പേര് ജീവിക്കും, എന്നാല്‍ ജീവിതയാത്ര തുടരും. പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി എം.എം.മണിയുടെ പ്രതികരണം.
പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യ സൃഷ്ടിയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാനൂറോളം പേര് മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് വീടുകള്‍ പോയി. കന്നുകാലികള്‍ പോയി. ഞങ്ങളെന്തെങ്കിലും ചെയ്തിട്ടാണോ മഴവന്നത്. മഴയില്ലെങ്കില്‍ വരള്‍ച്ച. ഇതൊക്കെ പ്രകൃതി സൃഷ്ടിയാണ്. നൂറ്റാണ്ടുകള്‍ കൂടുമ്പോഴാണ് ഇത്തരം വലിയ പ്രളയങ്ങള്‍ വരുന്നത്. ഇനി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇനിയും പ്രളയം വന്നെന്ന് വരാം. ഇത് ചരിത്രത്തിന്റെ ഗതിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടുക്കി ഡാം തുറക്കുന്നില്ലെന്ന് പറഞ്ഞത് മാധ്യമങ്ങളെ കളിയാക്കാനാണെന്നും മന്ത്രി എംഎം മണി പറഞ്ഞു. ഇടുക്കിയില്‍ ദുരന്തകാരണം കയ്യേറ്റമാണോയെന്ന ചോദ്യത്തിന് ഗ്രഹണസമയത്ത് ഞാഞ്ഞൂലുകള് തലപൊക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.