11
Tuesday
May 2021

മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വനിതാ നേതാവും ഒന്നാം മോദി സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമാ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 67 വയസായിരുന്നു. ഇന്നലെ രാത്രി 11മണിയോടെ ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. രാത്രി എട്ടോടെയാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ സുഷമ സ്വരാജിനെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. എങ്കിലും ഇന്നലെ രാത്രി എട്ട് മണി വരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. ഇന്നലെ പകലും രാഷ്‌ട്രീയ കാര്യങ്ങളില്‍ സജീവമായിരുന്ന സുഷമ,​ രാത്രി 7. 23ന്,​ കാശ്‌മീരിനെ വിഭജിച്ച ഐതിഹാസിക തീരുമാനത്തിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്‌തിരുന്നു. അതായിരുന്നു സുഷമയുടെ അവസാനത്തെ ട്വീറ്റ്.

ഇന്ത്യയുടെ സൂപ്പര്‍ അമ്മ എന്ന് അമേരിക്കയലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വിശേഷിപ്പിച്ച സുഷമ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വിശേഷിച്ചും യുവ തലമുറയ്‌ക്കിടയില്‍ നിറഞ്ഞു നിന്നിരുന്നു. ഇറാക്കില്‍ കുടുങ്ങിയ മലയാളി നഴ്സ്‌മാരെ മോചിപ്പിക്കാന്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമ കൈക്കൊണ്ട നടപടികള്‍ വളരെ പ്രശംസിക്കപ്പെട്ടിരുന്നു.

ആരോഗ്യ കാരണങ്ങളാല്‍ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുഷമ മത്സരിച്ചിരുന്നില്ല. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുഷമ സ്വരാജ് പത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

ഹരിയാന അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രുവരി 14ന് ജനിച്ച സുഷമ, എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1977ല്‍ ഹരിയാന നിയമസഭയില്‍, ദേവിലാലിന്റെ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 25 വയസായിരുന്നു.1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരെയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു.ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമയാക്കാണ്. 1988 ഒക്ടോബര്‍ 12 മുതല്‍ 1998 ഡിസംബര്‍ 3 വരെയാണ് സുഷമ സ്വരാജ്​ ഡല്‍ഹി മുഖ്യമന്ത്രിയായത്. നിലവില്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ്. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയപ്രവേശം. ഏഴ് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേകാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബാന്‍സുരി സ്വരാജ് ഏക മകളാണ്.

”നന്ദി മോദിജി,​വളരെ നന്ദി. എന്റെ ജീവിതത്തില്‍ ഈ ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്

– സുഷമ സ്വരാജിന്റെ അവസാനത്തെ ട്വീറ്റ്

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com