22
Thursday
October 2020

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്ക് രാജ്യത്തിൻ്റെ യാത്രാമൊഴി

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം യാത്രാമൊഴിയേകി. യമുനാ തീരത്തെ സ്മൃതിസ്ഥലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ദത്തുപുത്രി നമിത ഭട്ടാചാര്യ ചിതക്ക് തീകൊളുത്തി.

ആറ് എ കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ 7.30 മുതല്‍ 8.30 വരെ പൊതുജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കി. തുടര്‍ന്ന് ഒമ്പത് മണിയോടെ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ഭൗതികശരീരം സൈനിക വാഹനത്തില്‍ കൊണ്ടു പോയി. ഒരു മണിയോടെ ബിജെപി ആസ്ഥാനത്തു നിന്ന് വിലാപയാത്രയായി യമുനാതീരത്തെ സ്മൃതിസ്ഥലില്‍ എത്തിച്ചു. തുടർന്നു മതപരമായ കർമങ്ങൾക്കുശേഷം നാലു മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് അഞ്ചു മണിയോടെ വാജ്പേയിയുടെ ഭൗതികദേഹം അഗ്നി ഏറ്റുവാങ്ങി.

ഇന്നലെ വൈകിട്ട് 5.05 നാണ് ആറു ദശകത്തിലേറെ ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവ് വിടവാങ്ങിയത്. മൂന്നു വട്ടം പ്രധാനമന്ത്രിയായ വാജ്പേയി, കാലാവധി തികച്ച ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയാണ്.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖേസർ നാമ്‌ഗെയിൽ വാങ്‌ചുക്, പാക്കിസ്ഥാൻ നിയമമന്ത്രി അലി സഫർ, ശ്രീലങ്കയുടെ ആക്ടിങ് വിദേശകാര്യമന്ത്രി ലക്ഷ്മൺ കിരിയേല,അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി, നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവലി,കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ, ഗവർണർമാർ, സംസ്ഥാന മന്ത്രിമാർ, വിവിധ പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

മുന്‍ പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com