കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി 8-ാം തീയതി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നത്. നിപ്മറിന്റെ സാങ്കേതിക സഹായത്തോടെയുള്ള ഈ പദ്ധതിയ്ക്ക് 58.75 കോടിയാണ് കണക്കാക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ 5 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എത്രയും വേഗം നിര്‍മ്മാണ പ്രവത്തനങ്ങള്‍ തുടങ്ങി പുനരധിവാസ വില്ലേജ് സാക്ഷാത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളിലെ പ്രത്യേക സ്കൂളുകള്‍ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും അന്നുതന്നെ നടക്കും. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച നാല് സ്കൂളുകളാണ് സാമൂഹ്യ സുരക്ഷ മിഷന് ഏറ്റെടുത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. മൂളിയാര്‍, കയ്യൂര്‍ ചീമേനി, കാറടുക്ക കുമ്പടാജെ എന്നീ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്റ്റാഫിന്റെ നിയമനം പൂര്‍ത്തിയാക്കുകയും അവര്‍ക്കുള്ള പരിശീലനം നിപ്മറിന്റെ നേതൃത്വത്തില്‍ നല്കി വരികയും ചെയ്യുന്നു. സ്കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിരവധി ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസിക പരിമതിയുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നുണ്ട്. കാന്‍സര്‍, ശാരീരിക പരിമിതി നേരിടുന്നവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്കി വരുന്നുണ്ട്. മറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്കി വരുന്നു. കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ റേഷന്‍ കാര്‍ഡ് ജില്ലാ സപ്ലൈ ഓഫീസറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വൈദ്യുത ബില്ലില്‍ 50% ഇളവും നല്കി വരുന്നു.
എന്‍ഡോസള്‍ഫാന്‍ബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളും. സാമ്പത്തിക സഹായമായി 171.11 കോടി രൂപയും ചികിത്സയ്ക്കായി 15 കോടിയും പെന്‍ഷനായി 25 കോടിയും ആശ്വാസ കിരണത്തിന് 1.75 കോടിയും സ്കോളര്‍ഷിപ്പിന് 67 ലക്ഷംരൂപയും വായ്പ എഴുതിതള്ളുന്നതിന് 6.83 കോടിയും ഉള്‍പ്പെടെ 221 കോടി രൂപയാണ് ഇതിനകം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്.
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ സുരക്ഷ മിഷന് മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്നേഹ സാന്ത്വനം പദ്ധതിയ്ക്കായി 19.3 കോടി രൂപ അനുവദിച്ചു.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം പെന്ഷന് നല്കുന്ന പദ്ധതിയാണ് സ്നേഹ സാന്ത്വനം. ദീര്‍ഘകാല ചികിത്സ ആവശ്യമുളളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായവരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്ഷന് ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്ഷന് ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1,200 രൂപ വീതവും പ്രതിമാസ ധനസഹായം നല്കി വരുന്നതാണ് പദ്ധതി. സ്നേഹ സാന്ത്വനം പദ്ധതിയിലൂടെ പ്രതിമാസം 65 ലക്ഷത്തോളം രൂപയാണ് സുരക്ഷാ മിഷനിലൂടെ നല്‍കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ധനസഹായവും അനുവദിച്ചു വരുന്നു. ബഡ്സ് സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും ഒന്നു മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും 8 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 3,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 4,000 രൂപയും വീതമാണ് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കിടപ്പിലായവരെയും കടുത്ത ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവരെയും പരിചരിക്കുന്നവര്ക്കായാണ് സ്പെഷ്യല്‍ ആശ്വാസകിരണം പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം 700 രൂപ നിരക്കിലാണ് പ്രതിമാസ ധനസഹായം അനുവദിച്ചു വരുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ പഠനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ബഡ്സ് സ്കൂള്‍ ആരംഭിച്ചത്. പെരിയ മഹാത്മ മോഡല്‍ സ്കൂളും മറ്റ് 9 ബഡ് സ്കൂളുകളും അപ്ഗ്രേഡ് ചെയ്ത് മാതൃകാ ശിശുവികസന കേന്ദ്രമാക്കാനും തീരുമാനിച്ചിട്ടുണ്ട്.