കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജലന്ധർ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുയിരുന്നെങ്കിലും രക്തസമ്മര്‍ദം കൂടുകയും ഇ.സി.ജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർന്മാർ അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.
പീഡന കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.