പത്തനംതിട്ട: രോഗികള്‍ക്ക് ആശ്വാസമേകുന്നതിനുവേണ്ടി ഏഴംകുളം പഞ്ചായത്ത് നടപ്പിലാക്കുന്ന കാരുണ്യഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു. സൗജന്യ മരുന്ന് വിതരണപദ്ധതി ആറിന് രാവിലെ 11 മണിയ്ക്ക് ഏഴംകുളം എംസണ് ആഡിറ്റോറിയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഏഴംകുളം പഞ്ചായത്തിലെ സ്ഥിരതാമസക്കാരും മാരകരോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനുവേണ്ടി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നൂതനപദ്ധതിയാണ് കാരുണ്യഗ്രാമം.
മാരകരോഗങ്ങളായ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍ രോഗം, ന്യൂറോ സംബന്ധമായ രോഗം, തൈറോയിഡ് എന്നിവ ബാധിച്ച എണ്ണൂറിലധികം രോഗികളാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് പലപ്പോഴും തുടര്‍ ചികിത്സ ചിലവേറിയതായി മാറിയിരിക്കുകയാണ്. രോഗികള്‍ ഉപയോഗിച്ചുവരുന്ന മരുന്നുകള്‍ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പദ്ധതിയുടെ ഭാഗമായി നല്‍കും. പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ രോഗികള്‍ക്കും ഹെല്‍ത്ത്കാര്‍ഡ് നല്‍കും. മരുന്നുകള്‍ രോഗികള്‍ക്ക് കൈതപ്പറമ്പിലുള്ള പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം വഴിയാണ് സൗജന്യമായി നല്‍കുന്നത്. ഇതിനോടകം 856 രോഗികളാണ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രോഗികള്‍ക്ക് തുടര്‍ ചികിത്സയുടെ ഭാഗമായി സൗജന്യമായി മരുന്ന് വാങ്ങി നല്‍കുന്നതിന് 30.50 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.സി.എസ്.എല്‍ വഴിയാണ് മരുന്ന് വാങ്ങി വിതരണം ചെയ്യുന്നത്. രോഗികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വിജുരാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.