24
Saturday
October 2020

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമ സഹായ കേന്ദ്രവുമായി സ്‌നേഹിത

Google+ Pinterest LinkedIn Tumblr +

പാലക്കാട്: മാനസികമായും ശാരീരികമായും അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമ പരിരക്ഷ ഉറപ്പുവരുത്താന്‍ കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ സൗജന്യ നിയമ സഹായ കേന്ദ്രം ആരംഭിച്ചു. സ്‌നേഹിതയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നത്. പാലക്കാട് സിവില്‍ സ്റ്റേഷനു സമീപം (ഫയര്‍ സ്റ്റേഷന്‍ റോഡ്) കല്ലേക്കാട് റസിഡന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌കില്‍ എല്ലാ ബുധനാഴ്ച്ചകളിലും അഡ്വ. മിനി ഫ്രാന്‍സിസിൻ്റെ നേതൃത്വത്തില്‍ നിയമ സഹായം ലഭിക്കും. കൂടാതെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ് ഏജന്‍സിയില്‍ എല്ലാ ശനിയാഴ്കളിലും സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌കിലെ കൗണ്‍സിലറുടെ സേവനവും ഉണ്ടാകും.

ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കാന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിത ശിശു സഹായ കേന്ദ്രമാണ് സ്‌നേഹിത. 2015 ഏപ്രില്‍ മുതല്‍ ജില്ലയില്‍ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അഞ്ച് സേവനദാതാക്കളും രണ്ട് കൗണ്‍സിലര്‍മാരും വിവിധ ചുമതലകളുള്ള നാലു പേരുമടക്കം 11 ജീവനക്കാര്‍ സദാ സന്നദ്ധരായി സ്‌നേഹിതയിലുണ്ട്.

സ്‌നേഹിതയുടെ മൂന്നാം വാര്‍ഷികത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജി കെ.പി. ഇന്ദിര നിര്‍വഹിച്ചു. ഡെല്‍സയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ തുഷാര്‍.എം അധ്യക്ഷനായി. വിശ്വാസ് ഏജന്‍സിയുടെ സെക്രട്ടറി പ്രേംനാഥ്, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ ഫാ.ജോര്‍ജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജംഷീന എന്നിവര്‍ സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com