പന്തളം: നഗരസഭാ ആരോഗ്യവിഭാഗം പന്തളത്തും പരിസരത്തും നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഇവരിൽനിന്ന് പിഴ ഈടാക്കാനുള്ള നടപടിയെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു.
ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ബാഗുകൾ, പഴകിയ ചോറ്, മസാലക്കൂട്ടുകൾ, അഴുകിയ പച്ചക്കറികൾ, അജിനോമോട്ടോ, ആഴ്ചകളോളം പഴകിയ മത്സ്യവും മാംസവും, ആവർത്തിച്ച് ഉപയോഗിച്ച എണ്ണയും കണ്ടെടുത്തതായി അരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
മിക്ക സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഹെൽത്ത് കാർഡോ, വേണ്ടത്ര ശുചിത്വമോ ഇല്ലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കും. ഇത് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കി നിയമ നടപടിയും ഉണ്ടാകും.
എം.സി.റോഡിനരികിൽ കുരമ്പാലയിലുള്ള ഫുഡ് ഇൻ ഫുഡ്, മെഡിക്കൽ മിഷൻ കവലയ്ക്കുസമീപമുള്ള വിനായക, മണികണ്ഠനാൽത്തറയ്ക്കുസമീപമുള്ള നാലുകെട്ട്, കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപമുള്ള വേൽമുരുക എന്നീ ഹോട്ടലുകൾക്കെതിരേയാണ് നടപടി. നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിന് മണി റസ്റ്റോറന്റിനെതിരേയും നടപടിയുണ്ട്.