ലോസ് ആഞ്ജലോസ്: അടിയന്തിര ലാന്‍ഡിങ്ങിനായി വിമാനത്തിന്റെ ഇന്ധനം പുറത്തുവിട്ടപ്പോള്‍ പതിച്ചത് സ്കൂളുകള്‍ക്ക് സമീപം. അന്തരീക്ഷത്തില്‍ ഇന്ധനത്തിന്റെ രൂക്ഷഗന്ധം പടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യം. യുഎസിലെ ലോസ് ആഞ്ജലോസിലാണ് സംഭവമുണ്ടായത്.
ലോസ് ആഞ്ജലോസില്നിന്ന് ഷാങ്ഹായിലേക്ക് പോയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം എന്ജിന് തകരാര്‍ കാരണം അടിയന്തിര ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലോസ് ആഞ്ജലിസ് വിമാനത്താവളത്തിലേക്ക് തിരികെ പറക്കുന്നതിനിടെ ഇന്ധനം പുറത്തുവിട്ടു. എന്നാല്‍ സ്കൂളുകള്‍ സ്ഥിതിചെയ്യുന്ന മേഖലയ്ക്ക് മുകളില്‍വച്ച് ഇന്ധനം തുറന്നുവിട്ടതോടെ ഇത് സ്കൂളുകള്‍ക്ക് സമീപം വീണ് അന്തരീക്ഷത്തില്‍ കലരുകയും വിദ്യാര്‍ഥികളില്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയുമായിരുന്നു.
56 കുട്ടികള്‍ക്കാണ് സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചിലര്‍ക്ക് നേരിയ ശ്വാസതടസം ഉള്‍പ്പെടെ അനുഭവപ്പെട്ടു. ഇന്ധനം അന്തരീക്ഷത്തില്‍ കലര്‍ന്നതോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കുകയും ചെയ്തു. അടിയന്തിര ലാന്‍ഡിങ്ങിന് മുന്നോടിയായി വിമാനത്തിന്റെ ഭാരം കുറയ്ക്കാനായാണ് ഇന്ധനം പുറത്തുവിടുന്നത്.