7
Sunday
March 2021

ധനസമാഹരണത്തിന് രാഷ്ട്രീയഭേദമില്ലാതെ സഹകരിക്കണം

Google+ Pinterest LinkedIn Tumblr +

കോട്ടയം: പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് എല്ലാ എം.എല്‍.എമാരും സഹകരിക്കണമെന്ന് ധനകാര്യ കയര്‍ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ജില്ലയില്‍ നടത്തേണ്ട ധനസമാഹരണം സംബന്ധിച്ച് കളക്ട്രേറ്റില്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. തോമസ് ഐസക്കിനും വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജുവിനുമാണ് ജില്ലയുടെ ധനസമാഹരണ ചുമതല. എംഎല്‍എമാരായ കെ.എം മാണി, സുരേഷ് കുറുപ്പ്, പി.സി. ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി. കെ. ആശ, സി. എഫ്. തോമസ്, മോന്‍സ് ജോസഫ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ധനസമാഹരണത്തിന് സമീപിക്കേണ്ട വ്യക്തികളുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വ്യക്തികള്‍ക്ക് ജില്ലാ കളക്ടര്‍ കത്തുനല്‍കും. അതത് നിയോജക മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ ധനസഹായം നല്‍കാന്‍ കഴിവുളള വ്യക്തികളോട് സംസാരിക്കണം. ഡോ. തോമസ് ഐസക് അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മന്ത്രി കെ രാജു പറഞ്ഞു.

കര്‍ഷകര്‍ എടുത്ത രണ്ടു ലക്ഷത്തില്‍ താഴെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളാതെ പ്രളയശേഷമുള്ള ജീവിതത്തില്‍ കാര്‍ഷിക മേഖലയിലെ ജനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് കെ.എം. മാണി എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രളയകാലത്ത്് കോട്ടയത്തെ ജനങ്ങള്‍ അനവധി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. പള്ളികളും മസ്ജിദുകളും കരയോഗവും സന്നദ്ധ സംഘടനകളും പ്രശംസനീയമായ രീതിയില്‍ സഹായമെത്തിച്ചു. ജനങ്ങള്‍ ഇനിയും സന്നദ്ധരാണെന്നും സ്‌കൂളുകളും കോളേജുകളും വഴിയുള്ള ധനസമാഹരണത്തിനും പ്രാധാന്യം നല്‍കണമെന്നും സുരേഷ് കുറുപ്പ് എംഎല്‍എ അഭിപ്രായപ്പെട്ടു.

ദുരന്തത്തെ ഒരുമിച്ചു നേരിടുന്ന അവസ്ഥയുണ്ടാകണമെന്നും ഇതില്‍ രാഷ്ട്രീയഭേദമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. കോട്ടയം ജില്ല രണ്ടു വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അഭിമുഖീകരിച്ചു. അനേകം റോഡുകള്‍ നശിച്ചു. പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ ഈ പരിഗണന ഉണ്ടാകണം. മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുടെ വശങ്ങള്‍ പ്രളയത്തില്‍ ഇടിഞ്ഞത് സി.കെ. ആശ എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കിറ്റുകളുടെ വിതരണം സംബന്ധിച്ച് വൈക്കം മേഖലയില്‍ ഉണ്ടായ ചില ആക്ഷേപങ്ങള്‍ എംഎല്‍എ ശ്രദ്ധയില്‍പെടുത്തി. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുളള നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് പി. സി ജോര്‍ജ്ജ് എം.എല്‍.എ ആവശ്യപ്പെട്ടു.

പൂര്‍ണമായും പ്രളയത്തില്‍ മുങ്ങിയ പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന കിറ്റിനും 10000 രൂപയ്ക്കും അര്‍ഹതയുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. ഗ്രാമീണ മേഖലയിലെ റോഡുകളുടെ പുനരുദ്ധാരണം വേഗത്തിലാക്കുമെന്ന് ഇത് സംബന്ധിച്ച സി.എഫ് തോമസ് എംഎല്‍എയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. സംസ്ഥാനത്താകെ ഇതുവരെ രണ്ടു ലക്ഷം പേര്‍ക്ക്് 10000 രൂപ ദുരിതാശ്വാസമായി വിതരണം ചെയ്തു. പ്രളയക്കെടുതിയില്‍ മരണം സംഭവിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷവും കേന്ദ്ര സര്‍ക്കാര്‍ രണ്ടു ലക്ഷവും രൂപ നല്‍കും.

കോട്ടയം ജില്ലയില്‍ ഇതിനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. ക്യാമ്പുകളില്‍ താമസിച്ചവര്‍ക്ക് മാത്രമല്ല പ്രളയദുരിതം അനുഭവിച്ച എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. കര്‍ഷകരുടെ കാര്‍ഷിക ആവശ്യത്തിനല്ലാതെയുളള വായ്പകള്‍ എഴുതിതള്ളുന്നതിന് ആര്‍ബിഐയുടെ അനുമതി ആവശ്യമാണെന്നും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത് പരിഗണിക്കാന്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കിറ്റ് കിട്ടാത്തവര്‍ക്ക് ഉടന്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ മറുപടി നല്‍കി. ധനസഹായത്തിന് അര്‍ഹതയുള്ളവരുടെ ഡാറ്റാ എന്‍ട്രി ജില്ലയില്‍ 75820 പേരുടെ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പൂര്‍ണമായ ലിസ്റ്റ് ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങള്‍ ജില്ലാഭരണകൂടത്തെ അറിയിക്കാന്‍ അവസരം നല്‍കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com