23
Friday
April 2021

സര്‍ക്കാര്‍ സഹായധനം എല്ലാ പ്രളയബാധിതര്‍ക്കും ലഭ്യമാക്കും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പ്രളയക്കെടുതി നേരിട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ തിരുവല്ല താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിന് പുറമേ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിച്ചവരും ധനസഹായത്തിന് അര്‍ഹരാണ്. ഇവരുടെ കണക്കെടുക്കുന്നതിന് വാര്‍ഡ് മെമ്പര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംയുക്ത പരിശോധന നടത്തും. വിട്ടുപോയവരെ അര്‍ഹരായവരുടെ ലിസ്റ്റില്‍ ചേര്‍ക്കുമെന്നും ഈ പട്ടിക വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ പ്രളയം നേരിട്ട പലപ്രദേശങ്ങളും കുടിവെള്ളത്തിൻ്റെ ലഭ്യത ഉറപ്പ് വരുത്തണമെന്നും നല്‍കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തണമെന്നും വീണാ ജോര്‍ജ് എം എല്‍ എ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ സ്ഥലത്തും കുടിവെള്ളം എത്തിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധി തടയാന്‍ ആവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. മലിനമായ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി മാത്രമേ ഉപയോഗിക്കാവൂ. ഇതിന് ആവശ്യമായ സഹായം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കും. കൂടാതെ ഓരോ 100 വീടുകള്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന കണക്കില്‍ കിണറുകളുടെ പരിശോധനയും നടത്തുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെയും, മലിനീകരണ നിയന്ത്രണ വകുപ്പിന്റെയും ലാബുകള്‍ കുടിവെള്ളം ടെസ്റ്റു ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കെ എസ് ഇ ബിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ആളുകളെ വിന്യസിച്ച് വൈദ്യുതി പുനസ്ഥാപിച്ച് വരികയാണ്. ദുരിതം നേരിട്ട 80 ശതമാനം പ്രദേശങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. വെള്ളം കയറി മീറ്ററുകള്‍, തകരാര്‍ സംഭവിച്ച വയറിങ്ങുകള്‍ എന്നിവ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥന്‍ പരിശോധിച്ച് അപകടം ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വൈദ്യുതി വിതരണം നല്‍കുന്നത്. ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളിലെ ശുചിമുറിയും കിണറുകളും വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് വിദ്യാഭ്യാസ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ ഫിറ്റനസും പരിശോധിക്കും.

ശുചീകരണ പ്രവര്‍ത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം പരിശോധിക്കും. പഞ്ചായത്ത് വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ 80 മോര്‍ട്ടറുകള്‍ കിണറുകള്‍ വൃത്തിയാക്കുന്നതിന് ലഭ്യമാക്കും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിൻ്റെയും സാമൂഹ്യ നീതി വകുപ്പിൻ്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കും മറ്റുമുള്ള കൗണ്‍സിലിങ്ങുകള്‍ നടന്നു വരികയാണ്. നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, പന്തളം, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, ആറന്‍മുള, റാന്നി പഴവങ്ങാടി എന്നിവിടങ്ങളില്‍ 30 ദിവസത്തേക്ക് താത്കാലിക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, അബ്ദുല്‍ നാസര്‍ ഐ എ എസ്, ആര്‍ ഡി ഒ ടി.കെ വിനീത് കുമാര്‍, ഡി എം ഒ ഡോ.എ.എല്‍.ഷീജ, പഞ്ചായത്ത് ഡെപ്യൂട്ടിഡയറക് ടര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com