കാക്കനാട്: ഹരിതചട്ട നിയമാവലിയനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുന്നതിന്റെ തൃക്കാക്കര നഗരസഭാതല ഉദ്ഘാടനം പി. ടി. തോമസ് എംഎല്‍എ നിര്‍വ്വഹിച്ചു. മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കണമെന്നും മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും ഇതിനായി ഹരിതചട്ടം പാലിക്കണമെന്നും എംഎല്‍എ പറഞ്ഞു. തൃക്കാക്കര നഗരസഭ പരിധിയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ഫ്ളാറ്റുകളിലെ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ പലതും പ്രവര്‍ത്തനരഹിതമാണ്. ഫ്ളാറ്റുകളിലെ മാലിന്യങ്ങള്‍ വഴിയരികില്‍ തള്ളുന്നത് തടയാന്‍ നഗരസഭ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കവചിതമായ വണ്ടികളില്‍ മാലിന്യം ശേഖരിച്ച് സംസ്കരണത്തിന് അയക്കുന്നതിന് തൃക്കാക്കര നഗരസഭ കൈകൊണ്ട നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ഇടപ്പള്ളി തോട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും സംരക്ഷണ സമിതി രൂപീകരിക്കണമെന്നും വിദഗ്ധരുടെ സഹായത്തോടെ താല്‍ക്കാലിക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമ്പലമേട് – ഉദ്യോഗമണ്ഡല്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ ഉള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
സ്വച്ഛതാ ഹി സേവ 2018ന്റെ ഭാഗമായി ഹരിത ചട്ട പാലനം – മാലിന്യം വലിച്ചെറിയല്‍ – നിയമനടപടികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഹരിതകേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ സുജിത് കരുണ്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി. കെ. മോഹനന് എന്നിവര്‍ വിഷയാവതരണം നടത്തി. മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കണം. പ്രധാനമായും മൂന്ന് തരത്തിലാണ് മാലിന്യത്തെ തരംതിരിച്ചിരിക്കുന്നത് ജൈവം, അജൈവം, അപകടകരമായ ഇ-വേസ്റ്റുകള്‍ എന്നിവയാണവ. നമ്മുടെ വീടുകളില്‍ ഉള്ള ജൈവ മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ വളമാക്കി മാറ്റി പച്ചക്കറി ഉല്‍പ്പാദിപ്പിക്കണം. ഇതിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. ഒരു കാരണവശാലും പ്ലാസ്റ്റിക്കുകള്‍ കത്തിക്കരുത്. കളക്ടറേറ്റിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ തന്നെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് ഏവര്‍ക്കും മാതൃകയാക്കാന്‍ സാധിക്കും. കൂടാതെ ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗവും നിര്‍ത്തണം. അത് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന വസ്തുവാണ്. ഹരിതചട്ടം പാലിച്ചുകൊണ്ട് നമ്മുടെ ഭൂമിയും ജലവും വായുവും മാലിന്യമുക്തമാക്കി അടുത്ത തലമുറയ്ക്ക് കൈമാറണം. പ്രളയത്തെ ഒരുമിച്ച് നേരിട്ട ജനതയായ നാം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് വിഷയാവതരണം നടത്തവേ ഹരിതകേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ സുജിത് കരുണ്‍ പറഞ്ഞു.
തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ടി. ഓമന അധ്യക്ഷത വഹിച്ച് ഹരിതചട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി കുര്യന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ടി. എല്‍ദോ, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷബ്ന മെഹര്‍ അലി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജിജോ ചിങ്ങംതറ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീന റഹ്മാന്, കൗണ്‍സിലര്‍മാരായ അഡ്വ. പി. എ. സലിം, സി. പി. സാജല്‍, പി. എം. യൂസഫ്, ആന്റണി പരപര, ടി. എ. നിഷാബീവി, എം. എം. നാസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. ദിലീപ്, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, വ്യാപാര വ്യവസായി സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.