കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി. വിധി നടപ്പിലാക്കുന്നതിന് ആവശ്യമായ പോലീസുകാര്‍ ഇല്ലാത്തതിനാല്‍ ഒരു മാസത്തെ സമയം നീട്ടി നല്‍കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം കോടതി തള്ളി. രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം ജനുവരി 23ന് ജില്ലാ കളക്ടര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
കോതമംഗലം പള്ളി ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതി അലക്ഷ്യ ഹര്‍ജിയും പള്ളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുമായിരുന്നു കോടതി പരിഗണിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ശബരിമല തീര്‍ത്ഥാടനം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ എന്നിവയ്ക്കായി കൂടുതല്‍ പോലീസുകാരെ വിട്ടു നല്കിയതിനാല് ഉത്തരവ് നടപ്പിലാക്കാന്‍ മതിയായ പോലീസ് ഇല്ല എന്നുള്ള കാര്യം ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.