കോട്ടയം: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണത്തിൽ പോലീസ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷം ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അറസ്റ്റ് വേണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ പുരോഗതിയും ലഭ്യമായ രേഖകളും പോലീസ് കോടതിക്ക് കൈമാറിയിരുന്നു. അതേസമയം കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുക സ്വാഭാവികമാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആദ്യഘട്ടത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ജലന്ധറിലെത്തി ചോദ്യം ചെയ്ത ശേഷം പോലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുമ്പാകെ ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ് അറിയിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ 19ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് ഐ.ജി വിജയ് സാഖറെ ഇന്നലെ അറിയിച്ചിരുന്നു.