പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ജാഗ്രത സെമിനാര്‍ നടത്തി. റാന്നി പെരുനാട് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീകാന്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുമ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണവും ഒ.പി സമയവും കൂടുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്ന് ഡോക്ടര്‍മാരും, നാല് സ്റ്റാഫ് നഴ്സുമാരും, രണ്ട് ഫാര്‍മസിസ്റ്റുകളും, ഒരു ലാബ് ടെക്നീഷ്യനും അടങ്ങുന്നതാണ് ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ സംഘം.
സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പേപ്പറില്‍ കുറിപ്പെഴുതുന്ന രീതിയില്‍ നിന്ന് മാറി ഇ-ഹെല്‍ത്ത് പദ്ധതി വഴി വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കും. ഇതിലൂടെ ഒരു വ്യക്തിയുടെ ചികിത്സയുടെ ആദ്യഘട്ടം മുതലുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാകും. മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടേതിന് സമാനമായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി വരുന്നുണ്ട്. താലൂക്ക് ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റായ ഡോക്ടര്‍മാരുടെ സേവനവും, ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യലിസ്റ്റായ ഡോക്ടര്‍മാരുടെ സേവനവും ആര്‍ദ്രം പദ്ധതി വഴി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രോഗപ്രതിരോധ പരിപാടിയാണ് ആരോഗ്യജാഗ്രത. പ്രതിദിനം പ്രതിരോധം എന്നതാണ് ആരോഗ്യ ജാഗ്രതയുടെ മുദ്രാവാക്യം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയിലല്ല, വ്യക്തിയിലോ സമൂഹത്തിലോ തുടങ്ങണം എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഭാഗങ്ങളായായാണ് ക്ലാസുകള്‍ നടന്നത്.
ആര്‍ദ്രം മിഷന്, ആരോഗ്യജാഗ്രത പ്രായോഗിക തലത്തില്‍, ഹരിതനിയമങ്ങള്‍ സമഗ്ര ആരോഗ്യത്തിന്റെ കാഴ്ചപ്പാടില്‍ എന്നീ വീഷയങ്ങളില്‍ റാന്നി പോരുനാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്ത്, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ആര് അനില്ുകുമാര്, റാന്നി പഴവങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍മാരായ എ.സുനില്‍കുമാര്‍, ടി.കെ അശോക് കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.ജി ശശിധരന് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.