തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രളയം. 9 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം ജില്ലയിലെ കവളപ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി 30 വീടുകള്‍ മണ്ണിനടിയിലായി. 50ളം പേരെ കാണാനില്ലെന്ന് സംശയം.
വയനാട്ടിലും ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. വയനാട്ടിലെ പുത്തുമലയില്‍ ഒരു മല മുഴുവനായി ഇടിഞ്ഞുവന്നു. മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുമളിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മൂന്നാറും മറയൂരും ഒറ്റപ്പെട്ട് കിടക്കുകയാണ്. നദികള്‍ ഗതിമാറി ഒഴുകുന്നു. ട്രയിന്‍ സര്‍വ്വീസുകള്‍ മിക്കതും റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു.
അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മാറിത്താമസിക്കാത്തതിന്റെ പേരില്‍ ആരും അപകടത്തില്‍പെടാന്‍ പാടില്ല. കഴിഞ്ഞ പ്രളയത്തിന്റെ അനുഭവം ഉള്‍ക്കൊണ്ട് എല്ലാവരും രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളുമായി സഹകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജലനിരപ്പില്‍ ആശങ്ക വേണ്ട
നാളെയോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്. അതേ സമയം ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിലെ ജലനിരപ്പിനെക്കുറിച്ച് ആശങ്കവേണ്ടതില്ല. കഴിഞ്ഞ വര്‍ഷം ഈ സമയം 20 ഡാമുകളിലുമായി ഉണ്ടായിരുന്ന ജലത്തില്‍ 33 ശതമാനം കുറവ് ജലമേ ഇപ്പോഴുള്ളൂ. എന്ത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.
തൂണക്കടവ് ഡാമിലാണ് കുറച്ച് കൂടുതല്‍ ശ്രദ്ധവേണ്ടത്. തമിഴ്നാടിലെ കോണ്ടൂര് കനാല്‍ പാറക്കല്ല് വീണ് തകര്‍ന്നതിനെത്തുടര്‍ന്ന് തൂണക്കടവിലൂടെ പെരിങ്ങല്‍ക്കുത്തിലേക്ക് സ്പില്‍ ചെയ്യുന്ന ജലത്തിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. ഈ ജലം ചാലക്കുടിയിലാണ് എത്തുന്നത്. ഇതിനകം 1.5 മീറ്ററോളം ജലനിരപ്പ് ചാലക്കുടിയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരുന്നു.
ജലം ഉയരുന്നതിനാല്‍ വാളയാര്‍ ഡാം 11 മണിയോടെ തുറന്നുവിട്ടു. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കും. ഇപ്പോള്‍ 15 സെ.മി. ആണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് 35 സെ.മി. ആയി ഉയര്‍ത്തും. മഴ തുടരുന്നതും കെ.എസ്.ഇ.ബിയുടെ ഡാമുകള്‍ തുറന്നുവിടുന്നതും ജലവിഭവ വകുപ്പിന്റെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളും സൂക്ഷമമായി നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
കണ്‍ട്രോള്‍റൂം തുറന്നു
മഴ ശക്തമായി തുടരുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ് കണ്ട്രോള് റൂം തുറന്നു. 0471-2324150 ആണ് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍