9
Sunday
May 2021

സംസ്ഥാനത്ത് കനത്ത മഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ച അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളതീരത്തു ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

കനത്ത മഴയായതിനാല്‍ ഇന്ന് വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ക്യാംപുകള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാന രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ് തയാറാക്കണം. അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്കു മാറിത്താമസിക്കാന്‍ ഒരുങ്ങിയിരിക്കണം.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കരുത്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ആഗസ്റ്റ് ആദ്യവാരം പിന്നിടുമ്ബോഴും കേരളത്തില്‍ 31 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലാണ് മഴ ഏറ്റവും കുറഞ്ഞത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com