ഒരു മാറ്റത്തിന് വേണ്ടിയോ നരച്ച മുടികള്‍ മറച്ചുവെയ്ക്കാനോ മുടി കളര്‍ ചെയ്യുന്നത് കൂടുതല്‍ സാധാരണമാണ്.
എന്നാല്‍ നിങ്ങളുടെ മുടിയില്‍ ഇടയ്ക്കിടെ ചായം പൂശുന്നത് നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് വഴിതെളിച്ചേക്കാം. അതിനാല്‍ നമ്മുടെ ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു ഭാഗം എന്ന് ഇപ്പോള്‍ നമ്മള് കരുതുന്ന സൗന്ദര്യ വ്യവസ്ഥയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഒന്ന് മനസ്സിരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും .
മുടി ഡൈ ചെയ്യുന്നത് ഒരു മോശം കാര്യമാണോ?
ഇതിനെപ്പറ്റി വിദഗ്ധര്‍ക്ക് ഏകാഭിപ്രായമല്ല ഉള്ളത്. കാരണം പുതിയ സാങ്കേതിക വിദ്യകൾ ഹെയര്‍ ഡൈകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ചീത്തപ്പേര് മായ്ച്ചുകളഞ്ഞിട്ടുണ്ട്. സത്യത്തില്‍, മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാകുന്ന മെച്ചപ്പെട്ട ഹെയര്‍ കളര്‍ ഉല്‍പ്പന്നങ്ങളില്‍ അമോണിയയും ഹൈഡ്രജന്‍ പെറോക്സൈഡും പരിമിതമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, വാസ്തവത്തില്‍ ഹെയര്‍ ഡൈകള്‍ രാസവസ്തുക്കള്‍ തന്നെയാണ്.
രാസവസ്തുക്കളുടെ ദീര്‍ഘകാല ഉപയോഗം ഒരിക്കലും നല്ല കാര്യമല്ല. ഒരു രസത്തിന് വേണ്ടി നിറം ഉപയോഗിക്കാന്‍ തുടങ്ങുന്ന ഏതാണ്ട് എല്ലാവരും ഇതൊരു ശീലമാക്കുന്നു. കൂടാതെ, ദിവസത്തിന്റെ അവസാനം ഒരു ക്ളെന്‍സര്‍ കൊണ്ട് നിങ്ങള്‍ നീക്കം ചെയ്യുന്ന മേക്കപ്പ് പോലെയല്ലാതെ, ഹെയര്‍ കളര്‍ മുടിയില്‍ ദീര്‍ഘകാലം നിലനില്ക്കുകയും മുടിയില്‍ അതിന്റെ സ്വാധീനത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഡൈയിലുള്ള രാസവസ്തുക്കള്‍ നേരിട്ട് മുടിയുടെ ക്യൂട്ടിക്കിളില്‍ പ്രവര്‍ത്തിച്ച് , ക്യൂട്ടിക്കിള്‍ തുറക്കാനും നിറം സ്വീകരിക്കാനും കാരണമാകുന്നു. അതിനാല്‍ പതിവായി ഡൈ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ മുടി പരുപരുത്തതായി മാറും, മുടി വരളുന്നതിന്റെ സൂചന. കൂടാതെ, ഈ രാസപ്രക്രിയ മുടിയുടെ ഇലാസ്തികത കുറയ്ക്കുകയും പൊട്ടിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ കളര്‍ ചെയ്ത മുടി എളുപ്പത്തില്‍ കേടുപാടുകള്‍ക്ക് വിധേയമാകും.
എങ്ങനെ എനിക്ക് എന്റെ മുടിയ്ക്ക് നിറം നല്‍കാനും, അതോടൊപ്പം തന്നെ മുടിയുടെ സ്വഭാവം മികച്ചതായി നിലനിര്‍ത്താനും കഴിയും?
കളര്‍ ചെയ്ത മുടിയെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അതിന് ആവശ്യമുള്ള ആര്‍ദ്രതയും ഉള്ളില്‍ നിന്നുള്ള പോഷണവും ഉറപ്പുവരുത്തുക എന്നതാണ്. ആര്‍ദ്രത പിടിച്ചു നിര്‍ത്തുന്ന ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്ടീഷണര്‍ ഉപയോഗിക്കുക. കയോലിന്‍ ക്ലേ, ഷിയാ ബട്ടര്‍ എന്നിവ അടങ്ങിയിരിക്കുന്ന കണ്ടീഷണറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ മുടിയ്ക്ക് പ്രോട്ടീന്‍ ഉണര്‍വ്വ് നല്‍കുക. ഇഴകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പൊട്ടുന്നത് കുറയ്ക്കാനും പ്രോട്ടീന്‍ സഹായിക്കും. പോക്ഷണം നല്കുന്ന ഔഷധസസ്യങ്ങള്‍ തിരഞ്ഞെടുക്കുക. രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും , മുടിവേരുകളിലേക്കുള്ള രക്തത്തിന്റെയും പോഷകങ്ങളുടെയും വിതരണം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്ന ഇത്തരം ഒരു ഔഷധ സസ്യമാണ് ജിന്‍സെംഗ്. നൂറ്റാണ്ടുകളായി ആയുര്‍വേദം വിശ്വാസമര്‍പ്പിക്കുന്ന മറ്റൊരു സസ്യമായ വേപ്പ്, രാസവസ്തുക്കള്‍ ഉപയോഗിച്ച ശിരോചര്‍മ്മം വൃത്തിയാക്കി പുതിയ ഉണര്‍വേകാന്‍ ഉത്തമമാണ്. ഓയില്‍ മസാജുകള്‍ക്കും ഹെര്‍ബല്‍ ഷാംപൂകള്‍ക്കും ഒരു സജീവ ഘടകമായി വേപ്പ് ഉപയോഗിക്കാം.
മുടി സ്റ്റൈല്‍ ആക്കൂ, പക്ഷേ ശ്രദ്ധയോടെ. ഹെയര്‍ ഡ്രയര്‍, സ്ട്രെയിറ്റ്നര് മുതലായ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും അഥവാ അവ ആവശ്യമായി വന്നാല്‍ മുടിയെ ചൂടില്‍ നിന്നും സംരക്ഷിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക. കറ്റാര്‍ വാഴ, സൂര്യകാന്തിയുടെ വിത്തുകള്‍ എന്നിവ അടങ്ങിയവ മികച്ച ഫലം നല്‍കും. പതിവായി ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുക. മുട്ടയുടെ വെള്ള, തൈര്, അവോക്കാഡോ എന്നിവ മുടിയെ സുഖപ്പെടുത്താനും മുടിയ്ക്ക് തിളക്കം നല്‍കാനും വളരെ ഫലപ്രദമാണ്. പാരാബെന്‍, ഡൈ എന്നീ ചേരുവകള്‍ ഉള്‍പ്പെടാത്ത ഷാംപൂകള്‍ തിരഞ്ഞെടുക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുടിക്ക് ഹാനികരമായ അമോണിയയും പെറോക്സൈഡും പോലുള്ള സജീവ ഘടകങ്ങള്‍ ഇവയില്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ തലമുടി തണുത്ത വെള്ളം കൊണ്ട് കഴുകുക, വൈറ്റമിന്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, ഇടയ്ക്കിടെ മുടിയുടെ അറ്റം വെട്ടുക എന്നിവ നിങ്ങളുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്തുക. ഓര്‍ക്കുക, നൈസര്ഗ്ഗികമായുള്ളതാണ് എപ്പോഴും നല്ലത്. എന്നാല്‍ മുടിയ്ക്ക് നിറം നല്‍കുക എന്നത് ഒരു ആവശ്യമാണെങ്കില്‍, അത് ബുദ്ധിപൂര്‍വ്വം ചെയ്യുക. നിങ്ങളുടെ തലമുടി പുറമേ കാണുന്നത് പോലെതന്നെ മികച്ചതാണെന്ന് ഉറപ്പാക്കുക.