കോഴിക്കോട്: അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കയ്ക്ക് സമീപം ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജില്ലാ കലക്ടര്‍ യു. വി. ജോസ് അഭ്യര്‍ഥിച്ചു. കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
അതിശക്തമായ കാറ്റുണ്ടാവാനും കടല്‍ പ്രക്ഷുബ്ധമാകാനും ഇടയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പു ലഭിക്കുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തീരത്തെത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏഴാം തീയതി വരെ യെല്ലോ അലര്‍ട്ട് ആണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം.
ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അത് വഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനും പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനും എല്ലാ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ സജ്ജരായിരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പോലീസ്, റവന്യു, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കുറും അടിയന്തര ഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ഉറപ്പുവരുത്തും. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഡാം ജലനിരപ്പ് വിലയിരുത്തുന്നതിനും ആവശ്യഘട്ടത്തില്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി നാളെ രാവിലെ 11.30ന് ബന്ധപ്പെട്ട മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.
കണ്ട്രോള് റൂം നമ്പറുകള്‍:
കലക്ട്രേറ്റ് – 04952371002
കോഴിക്കോട് – 04952372966
താമരശ്ശേരി – 04952223088
കൊയിലാണ്ടി – 04962620235
വടകര – 04962522361