23
Friday
April 2021

ഇടുക്കി ജില്ലയ്ക്ക് 47 വയസ്

Google+ Pinterest LinkedIn Tumblr +

ഇടുക്കി: രാജ്യം റിപ്പബ്ലിക് ദിനം ആചരിക്കുമ്പോള്‍ ഇടുക്കി ജില്ലക്കിത് ജന്മദിനാഘോഷം കൂടിയാണ്. ഐക്യകേരളം പിറവിയെടുത്ത് ഒന്നരപതിറ്റാണ്ടിനുശേഷം 1972 ജനുവരി 26നാണ് കേരളത്തിന്റെ 11-ാമത്തെ ജില്ലയായി ഇടുക്കി രൂപീകൃതമാകുന്നത്. ഈ ജന്മദിനത്തില്‍ ഇടുക്കി സ്വദേശികളായ മന്ത്രി എം. എം. മണിയും ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബുവും റിപ്പബ്ലിക് ദിനപരേഡില്‍ അഭിവാദ്യം സ്വകരിക്കുമ്പോള്‍ അത് ജില്ലയുടെ വളര്‍ച്ചയുടെ മറ്റൊരു വിജയഗാഥകൂടിയാവുകയാണ്. അതുകൊണ്ട് തന്നെയിത് ജില്ലയ്ക്ക് ചരിത്രമുഹൂര്‍ത്തവുമാണ്. പരേഡില്‍ മന്ത്രിയും കളക്ടറും ജില്ലക്കാരനാകുന്നത് ഇടുക്കിയുടെ ചരിത്രത്തിലിത് രണ്ടാമത്തെ തവണയാണ്. തൊടുപുഴ മണക്കാട് സ്വദേശിയായ കെ. ജീവന്‍ബാബു കളക്ടറായി ചുമതലയേല്‍ക്കുന്നത് 2018 ജൂലൈ 11 നാണ്. ഇതിനുമുമ്പ് ഇതേപോലെ മന്ത്രിയും കളക്ടറും ജില്ലക്കാരായി ഉണ്ടായിരുന്നത് 1998-2000 കാലയളവിലായിരുന്നു. ഈ സമയത്ത് പി. ജെ. ജോസഫ് മന്ത്രിയും പൂമാലയ്ക്കടുത്ത് നാളിയാനി സ്വദേശിയായ വി. ആര്‍. പദ്മനാഭനന്‍ കളക്ടറുമായിരുന്നു.
വികസനത്തിന്റെ ആദ്യപടിയായി മലയോര ജനത ആദ്യം സ്വപ്‌നം കണ്ടത് നല്ല റോഡുകളും വീതിയുള്ള പാലങ്ങളുമായിരുന്നു. ഇന്ന് രാജ്യത്തെ ഏതുവികസിത പ്രദേശത്തോടും കിടപിടിക്കുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ജില്ല മുന്നേറുകയാണ്. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ പരിമിതികളെ ആധുനിക കാലത്തെ സാങ്കേതിക വിദ്യയിലൂടെയാണ് ഭരണകൂടം മറികടന്നത്. എല്ലാ റെവന്യു ഓഫീസുകളേയും ഹൈടെക് സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനത്തിലൂടെ തീരുമാനങ്ങള്‍ എടുക്കുന്ന പ്രവൃത്തിയെ വേഗത്തിലാക്കി. സംസ്ഥാനത്ത് തന്നെ ഒരു ജില്ല ഇത്തരത്തില്‍ സജജ്മാകുന്നത് ആദ്യമാണ്. ഇതിന്റെ പ്രയോജനങ്ങള്‍ മനസിലാക്കി മറ്റു ജില്ലകളും ഈ സംവിധാനത്തിലേക്ക് മാറുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതിലൂടെ ലോക ശ്രദ്ധനേടിയ ടൂറിസം കേന്ദ്രങ്ങളെ ഇക്കാലയളവിനുള്ളില്‍ ഭരണകൂടങ്ങള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി. നിലവിലുള്ളതും നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ വിവിധ റോഡ് ശൃംഖലകള്‍ ടൂറിസം വികസനത്തിന് വലിയ കുതിപ്പാണ് നല്‍കിയത്. ഈ റോഡുകള്‍ പൂര്‍ത്തിയാകുന്നതോടെ ഏറ്റവും കൂടുതല്‍ ദേശീയ പാതകളുള്ള ജില്ലയായി ഇടുക്കി മാറും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ലോകത്തേക്ക് കടന്ന ജില്ലയിലെ കാര്‍ഷിക മേഖല ഉണര്‍വിന്റെ പാതിയിലാണ്.
ലോകപ്രശസ്തമായ മറയൂര്‍ ശര്‍ക്കര ഭൗമസൂചിക പദവി നേടി വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിനാവശ്യമായ വൈദ്യതിയുടെ 66 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കി ജലവൈദ്യുത പദ്ധതി കൂടുതല്‍ വൈദ്യതി ഉല്‍പ്പാദനത്തിനായി മറ്റൊരു വൈദ്യുതി നിലയം കൂടി സ്ഥാപിക്കാനുള്ള നടപടികളിലാണ്. ജില്ലക്ക് സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ വഹിക്കാനുള്ള പങ്ക് ഇതൊന്നുകൂടി ഊട്ടിയുറപ്പിക്കുന്നു. പ്രളയം വലിയ നാശമാണ് പെട്ടെന്ന് വിതച്ചതെങ്കിലും അതില്‍ പകച്ചുനില്‍ക്കാതെ അതിജീവനം വേഗത്തിലായത് ഈ മലയോര ജനതയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ തെളിവായി. പ്രളയത്തില്‍ തകര്‍ന്ന റോഡ് ശൃംഖല പുനര്‍നിര്‍മിക്കുന്നതിനും രാജ്യാന്തര നിലവാരത്തിലുള്ള നാലു റോഡുകളുടെ നിര്‍മാണം ഉള്‍പ്പെടെ ആധുനിക ഗതാഗത സൗകര്യം ഒരുക്കുന്നതിനും 2,947 കോടി രൂപയാണ് സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. പ്രളയ പുനനിര്‍മിതിക്കായി മലയോര നിവാസികള്‍ക്ക് ഇതേവരെ
29.83 കോടി രൂപയുടെ ധനസാഹയംമാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് 18.49 കോടി രൂപയും കെയര്‍ഹോം പദ്ധതിപ്രകാരം വീട് നിര്‍മാണത്തിന് 99.38 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് 67 ലക്ഷം രൂപയും കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് 9.67 കോടി രൂപയുമാണ് വിതരണം ചെയ്തത്. വരും നാളുകളില്‍ വികസന കാര്യത്തിലും വളര്‍ച്ചയിലും പ്രതീക്ഷിക്കാന്‍ ഏറെയുണ്ട് എന്നതാണ് ഈ ജന്മദിനാഘോഷത്തിന്റെ മാറ്റുകൂട്ടുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com