ന്യൂഡൽഹി: അതിവേഗ വായ്പയടക്കം ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമേകുന്ന പുത്തന്‍ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംരംഭങ്ങൾക്ക് ജിഎസ്ടി പോർട്ടൽ വഴിയാണ് വായ്പ ലഭിക്കുന്നത്. ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യുമ്പോൾ വായ്പ ആവശ്യമുണ്ടോ എന്ന ചോദ്യം പോർട്ടൽ ഉന്നയിക്കും. ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംരംഭങ്ങൾക്ക് രണ്ടു ശതമാനം പലിശയിളവും ലഭിക്കും.
12 പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ചെറുകിട സംരംഭകര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയറ്റുമതി വ്യവസായങ്ങൾക്ക് കയറ്റുമതിക്കും അതിന് ശേഷവും പലിശയിനത്തിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെ ഇളവ് ലഭിക്കും. ജിഎസ്ടിയുടെ ഭാഗമായി സത്യസന്ധതയുള്ള നികുതിദായകർ ആകണമെന്നും പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് മോദി ആഹ്വാനം ചെയ്തു.