കൊച്ചി: ചേരാം ചേരാനല്ലൂരിനൊപ്പം പതിനൊന്നാമത്തെ വീടിന് പ്രശസ്ത സിനിമാ താരം ജയസൂര്യ തറക്കല്ലിട്ടു. ഇടയക്കുന്നം ജയകേരള ബസ് സ്റ്റോപ്പിന് സമീപം കിണറ്റിങ്കല്‍ ജോസഫിന്റെ വീടിനാണ് തറക്കല്ലിട്ടത്. 430 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് ബെഡ് റൂമുകള്‍, ഒരു ബാത്ത് റൂം, കിച്ചന്, ഡെനിംഗ് ഹാള്‍ എന്നിവയടങ്ങുന്ന വീടാണ് പൂര്‍ത്തീകരിക്കുന്നത്. ന്യൂറ പാനലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. കോണ്‍ക്രീറ്റ് തൂണൂകള്‍ക്കിടയില്‍ ഇഷ്ടിക വച്ച് കെട്ടുന്ന ശ്രമകരവും സമയമെടുക്കുന്നതുമായ ഭിത്തി നിര്‍മ്മാണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ ന്യൂറ പാനലുകള്‍ക്ക് സാധിക്കും. ഇരുപത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ട് വീടിന്റെ പണി പൂര്‍ത്തീകരിക്കുമെന്ന് ഹൈബി ഈഡന് എംഎല്‍എ പറഞ്ഞു. കോണ്‍ക്രീറ്റ് സ്ട്രക്ച്ചറില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനം നവംബര്‍ 21ന് നടത്തിയിരുന്നു. ആ വീട് പൂര്‍ത്തീകരിച്ചത് 69 ദിവസം കൊണ്ടാണ്.
പഞ്ചായത്തില്‍ കാലപ്പഴക്കം ചെന്ന വീടുകളില്‍ രണ്ടും മൂന്നും ദിവസം വെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്ന് തറ ഇടിഞ്ഞു പോവുകയും ഭിത്തിയില്‍ വലിയ വിള്ളലുകള്‍ വീണ് ഇടിഞ്ഞു വീഴാറായ സാഹചര്യത്തിലുമാണ്. അന്‍പത് വീടുകള്‍ എത്രയും വേഗത്തില്‍ പുനര്‍നിര്‍മിക്കാനാണ് തണല്‍ പദ്ധതി ലക്ഷ്യമിടുന്നത്. ന്യൂറ പാനല്‍, ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ്, എം.ജി മെഡിക്കല്‍സ് എന്നിവരുടെ സഹകരണത്തൊടെയാണ് 6.5 ലക്ഷം രൂപ ചിലവ് വരുന്ന ഈ വീട് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര് ആന്റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ രാജു, വാര്‍ഡ് മെമ്പര്‍ ലീന തോമസ്, ന്യൂറ പാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുബിന് തോമസ്, ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് സി പി ഒ കൃഷ്ണകുമാര്‍, എം.ജി മെഡിക്കൽസ് മാനേജിംഗ് പാര്‍ട്ട്ണര്‍ രാഹുല്‍ മാമ്മന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.