പത്തനംതിട്ട: ഗ്രാമജ്യോതി പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പഴകുളം ജംഗ്ഷനില്‍ നിര്‍വഹിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെ മൂവായിരത്തില്പരം തെരുവുവിളക്കുകള്‍ കാര്യക്ഷമമായും ഫലപ്രദമായും അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതാണ് ഗ്രാമജ്യോതി പദ്ധതി. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഹനവും ഏണിയും ഉള്‍പ്പെടെ ദിവസവേതന അടിസ്ഥാനത്തില്‍ സ്ഥിരം ജീവനക്കാരേയും നിയമിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഇരുപത് ലക്ഷം രൂപ ചിലവിലാണ് ഗ്രാമജ്യോതി പദ്ധതി നടപ്പിലാക്കുന്നത്. നിരന്തരം ഉയര്‍ന്ന പരാതികള്‍ക്ക് ശാശ്വതപരിഹാരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എ.ടി രാധാകൃഷ്ണന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വി.സുലേഖ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുമോള് കൊച്ചുപാപ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആശ ഷാജി, മായ ഉണ്ണികൃഷ്ണന്, വിമല്‍ കൈതക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ ഷീജ പ്രകാശ്, രോഹിണി ഗോപിനാഥ്, കെ.സദാശിവന്‍പിള്ള, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി ജയന്, പി.ബി ഹര്‍ഷകുമാര്‍,പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി.എസ് ബിജി തുടങ്ങിയവര്‍ പങ്കെടുത്തു.