19
Tuesday
January 2021

കൊട്ടാരക്കരയില്‍ പ്ലാസ്റ്റിക് സംസ്‌കരണശാല ഉദ്ഘാടനം

Google+ Pinterest LinkedIn Tumblr +

കൊല്ലം: ജില്ലയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രം (ഷ്രെഡിംഗ് ആന്റ് ബെയ്‌ലിങ് യൂണിറ്റ്) കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഇന്ന് വൈകിട്ട് 3.30ന് ഉദ്ഘാടനം ചെയ്യും. പ്ലാസ്റ്റിക് കവറുകള്‍ ടാറിംഗിന് ഉപയോഗിക്കാവുന്ന പൊടിയാക്കിയും കുപ്പികള്‍ പുനരുപയോഗപ്രദമാക്കിയും മാറ്റുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുക. ഇരുപതോളം ഗ്രാമപഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിക്കാനാകും.

വിവിധ പഞ്ചായത്തുകളില്‍ നിന്ന് ഹരിത കര്‍മ്മ സേനയാണ് പ്ലാസ്റ്റിക് ശേഖരിക്കുക. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി നിശ്ചിത ഫീസ് ഈടാക്കും. സംസ്‌കരിച്ച പ്ലാസ്റ്റിക്കിന്റെ വിറ്റുവരവില്‍ നിന്നാകും പ്രവര്‍ത്തനത്തിനുള്ള പണം കണ്ടെത്തുക. ഇലക്ട്രോണിക്-ഇലക്ട്രിക് പാഴ്വസ്തുക്കളും ശേഖരിക്കും. മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ മ്യൂസിയവും സജ്ജമാക്കും.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. യന്ത്രങ്ങള്‍ സജ്ജീകരിക്കുന്നതിനായി പത്തു ലക്ഷം രൂപ ക്ലീന്‍ കേരള കമ്പനി നല്‍കി.

പി. അയിഷാ പോറ്റി എം.എല്‍.എ അധ്യക്ഷയാകും. ഷ്രെഡിംഗ് യൂണിറ്റ് ജി. എസ്. ജയലാല്‍ എം.എല്‍.എയും ബെയ്ലിംഗ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയും സ്വിച്ച് ഓണ്‍ ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ശുചിത്വ സന്ദേശം നല്‍കും.
നഗരസഭാ വൈസ് ചെയര്‍മാന്‍ സി. മുകേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ജഗദമ്മ, അഡ്വ. എസ്. പുഷ്പാനന്ദന്‍, സി.പി. പ്രദീപ്, ടി. ഗിരിജാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈല സലിംലാല്‍, കെ.പി. ശ്രീകല, അബ്ദുല്‍ റഹ്മാന്‍, ഹംസ റാവുത്തര്‍, അംബികാ സുരേന്ദ്രന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, കില ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ വി. സുദേശന്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, എ.ഡി.സി. ജനറല്‍ ടി.കെ. സയൂജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരായ എഫ്. മെല്‍വിന്‍, അനില്‍കുമാര്‍ പങ്കെടുക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com