29
Thursday
October 2020

ഇന്ത്യന്‍ റെയില്‍വേക്ക് മനഃസ്താപം; മലയാളികളുടെ പ്രിയഭക്ഷണം വീണ്ടും മെനുവില്‍

Google+ Pinterest LinkedIn Tumblr +

കൊച്ചി: മലയാളികളുടെ പ്രിയ ഭക്ഷണങ്ങളെ മെനുവില്‍ നിന്നും ഒഴിവാക്കിയ പോലെ തന്നെ തിരിച്ചെടുത്ത് ഐആര്‍ടിസി.

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലെ വില്‍പ്പനശാലകളില്‍ നിന്ന് പൊറോട്ടയും പഴംപൊരിയും ഉള്‍പ്പെടെയുള്ള ജനപ്രിയ വിഭവങ്ങള്‍ ഒഴിവാക്കിയതിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു നടപടി.

മലയാളിയുടെ പ്രിയ ഭക്ഷണങ്ങളായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടലക്കറി, ലഘുഭക്ഷണങ്ങളായ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയാണു മെനുവില്‍നിന്നു റെയില്‍വേ കഴിഞ്ഞദിവസം ഒഴിവാക്കിയത്. ഇവയ്ക്കു പകരം ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണു പുതിയ മെനുവില്‍ ഇടംപിടിച്ചത്.

മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയ തീരുമാനം പിന്‍വലിക്കുന്ന കാര്യത്തില്‍ ഐആര്‍സിടിസി മാനേജിങ് ഡയരക്ടറില്‍നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായി ഹൈബി ഈഡന്‍ എംപി പറഞ്ഞിരുന്നു. വിഷയത്തില്‍ ഫോണില്‍ അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു ഹൈബി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണു റെയില്‍വേയുടെ തീരുമാനം പുറത്തുവന്നത്.

റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്മെന്റ് റൂമുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷണനിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചതിനു പിന്നാലെയാണു കേരള വിഭവങ്ങള്‍ മെനുവില്‍നിന്ന് ഒഴിവാക്കിയത്. കേരളീയ ലഘുഭക്ഷണങ്ങള്‍ക്കു പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയാണു മെനുവില്‍ ഉള്‍പ്പെടുത്തിയത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com