9
Sunday
May 2021

പുതു തലമുറക്ക് ഉണര്‍വേകി ഇന്ത്യ സ്‌കില്‍സ് കേരള ശനിയാഴ്ച്ച ആരംഭിക്കും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഇന്ത്യ സ്‌കില്‍സ് കേരള 2020 ത്രിദിന നൈപുണ്യോത്സവത്തിന് ഫെബ്രുവരി 22ന് സ്വപ്ന നഗരിയില്‍ തുടക്കം കുറിക്കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. തൊഴില്‍ മേഖലയില്‍ നൈപുണ്യ വികസനം വളരെ പ്രധാനപ്പെട്ടതാണ്. ലോകത്ത് മാറ്റങ്ങള്‍ വരുന്ന സാഹചര്യമനുസരിച്ച് തൊഴില്‍ കമ്പോളങ്ങളിലും വലിയ മാറ്റങ്ങള്‍ വരുന്നുണ്ട്.

ഈ മാറ്റത്തില്‍ സ്‌കില്‍ ഡവലപ്പ്മെന്റ് എന്നുള്ളത് ഒരു പ്രധാന പ്രശ്നമായി മാറുന്നു. മാറി വരുന്ന സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കണമെന്നുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള വൈദഗ്ദ്യം പുതിയ തലമുറക്ക് ഉണ്ടാകണം. ഈ കാര്യങ്ങള്‍ പരിഗണിച്ചാണ് വിവിധ തലങ്ങളില്‍ സ്‌കില്‍ മേള നടത്തുന്നതെന്ന് വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ഐ.ടി.ഐ കളിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഗ്രേഡിങ് സംവിധാനം കൊണ്ടുവരും. പുതിയ അഞ്ച് ഐ.ടി.ഐ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിലെ മുഴുവന്‍ ഐ.ടി.ഐ കളിലും സോളാര്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

വ്യാവസായിക പരിശീലനവകുപ്പും സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും(കെയ്സ്)ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ്‌കേരള സംഘടിപ്പിക്കുന്നത്. നൈപുണ്യശേഷി വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നൈപുണ്യോത്സവം സംഘടിപ്പിക്കുന്നത്. ജില്ലാ-മേഖലാതല മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 257 പേരാണ് 39 ഇനങ്ങളില്‍ നൈപുണ്യമികവ് പ്രകടിപ്പിക്കുന്നതിനായി കോഴിക്കോട്ട് എത്തുന്നത്.

ഓരോ സ്‌കില്ലിലും ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് അമ്പതിനായിരം രൂപ വീതവും തുടര്‍ന്നുള്ള നാല് സ്ഥാനങ്ങളില്‍ വരുന്ന നാലുപേര്‍ക്ക് പതിനായിരം രൂപ വീതവും പ്രൈസ്മണി സമ്മാനമായി ലഭിക്കും. 78 ലക്ഷം രൂപയാണ് ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ആകെ പ്രൈസ്മണിയായി നല്‍കുന്നത്. സംസ്ഥാന നൈപുണ്യമേളയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് മുന്നിലെത്തുന്നവര്‍ക്ക് 2021ല്‍ ചൈനയിലെ ഷാങ്ഹായില്‍ അരങ്ങേറുന്ന വേള്‍ഡ് സ്‌കില്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാം.

ഫെബ്രുവരി 22ന് ശനിയാഴ്ച കാലത്ത് പത്തു മണിയ്ക്ക് സ്വപ്നനഗരിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ സ്വാഗതവും തൊഴില്‍ പരിശീലനവകുപ്പിന്റെ ഡയറക്ടര്‍ ചന്ദ്രശേഖര്‍ എസ് നന്ദിയും പറയും.

മേളയോടനുബന്ധിച്ച് സാങ്കേതികപ്രദര്‍ശനം, വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടണ്ട്. ഫെബ്രു 24 ന് വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. 22ന് വൈകീട്ട് നാലിന് വിവരസാങ്കേതികവിദ്യയും 21ാം നൂറ്റാണ്ടിലെ ഇന്ത്യയും, 23ന് ഉച്ചയ്ക്ക് 2.30ന് ആധുനിക തൊഴില്‍ മേഖലകളും നൈപുണ്യശേഷി വികസനവും, വൈകീട്ട് നാലിന് നൂതന ആശയങ്ങളും സംരംഭകത്വവും എന്നീ വിഷയങ്ങളിലും നടക്കുന്ന ഓപ്പണ്‍ ഫോറങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കും.

എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികള്‍ അരങ്ങേറും. 22ന് വൈകീട്ട് ആറിന് കടത്തനാട് കളരി സംഘത്തിന്റെ കളരിപ്പയറ്റ്, ഏഴുമണിയ്ക്ക് സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന മ്യുസിക്കല്‍ നൈറ്റ്, 23ന് വൈകീട്ട് 5.30ന് യമുന അജിനും, വൈഷ്ണവ് ഗിരീഷും അവതരിപ്പിക്കുന്ന മ്യുസിക്കല്‍ നൈറ്റ്, 7.30 മുതല്‍ സ്വാം ബാന്‍ഡിന്റെ ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍ എന്നിവ അവതരിപ്പിക്കും. സമാപന ദിവസമായ 24ന് വൈകീട്ട് എട്ടു മണിമുതല്‍ ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ സന്ധ്യ അരങ്ങേറും.
പത്രസമ്മേളനത്തില്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ സാബംശിവ റാവു. തുടങ്ങിയവര്‍ പങ്കെടുത്തു.

കേശാലങ്കാരം, പുഷ്പാലങ്കാരം, പാചകം തുടങ്ങി വിവിധ ജനപ്രിയ ഇനങ്ങളും ഇത്തവണ ഇന്ത്യ സ്‌കില്‍ കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോബോഡി റിപ്പയര്‍, ഓട്ടോമൊബൈല്‍ ടെക്നോളജി, ബേക്കറി, ബ്യുട്ടിതെറാപ്പി, ബ്രിക് ലേയിംഗ്, കേബിനറ്റ് നിര്‍മ്മാണം, സി.എന്‍.സി ടേണിംഗ്, സി.എന്‍.സി മില്ലിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, ഇലക്ട്രോണിക്സ്, ഫാഷന്‍ ടെക്നോളജി, ഫ്ളോറിസ്ട്രി, ഹെയര്‍ഡ്രെസിംഗ്, ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍, ഹോട്ടല്‍ റിസ്പ്ഷനിസ്റ്റ്, ജ്വല്ലറി, ജോയിനറി, ലാന്‍ഡ്സ്‌കേപ് ഗാര്‍ഡനിംഗ്, പെയിന്റിങ് ആന്റ് ഡെക്കറേറ്റിങ്, പ്ലാസ്റ്റിക്ക് ഡൈഎഞ്ചിനിയറിംഗ്, പ്ലംബിങ് ആന്റ് ഹീറ്റിങ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍കിഷനിംഗ്, റെസ്റ്റോറന്റ് സര്‍വീസ്, വോള്‍ ആന്റ് ഫ്ളോര്‍ ടൈലിങ്, വാട്ടര്‍ ടെക്നോളജി, വെബ് ടെക്നോളജി, വെല്‍ഡിംഗ്, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്, കാര്‍ പെയിന്റിങ്, കാര്‍പന്ററി, കണ്‍ഫക്ഷണറി ആന്റ് പാറ്റിസ്സെറീസ്, മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് കമ്പ്യൂട്ടര്‍ എയ്ഡ് ഡിസൈന്‍, മൊബൈല്‍ റോബോട്ടിക്സ്, ഗ്രാഫിക്ക് ഡിസൈന്‍ ടെക്നോളജി, ഐടി നെറ്റ്വര്‍ക്ക് കേബ്ളിംഗ്, പ്രിന്റ് മീഡിയ ടെക്നോളജി, കുക്കിങ്, പ്ലാസ്റ്റിങ് ആന്റ് ഡ്രൈവോള്‍ സിസ്റ്റം എന്നിവയിലാണ് മത്സരം.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com