അബുദാബി: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം വിതരണം ചെയ്തുവെന്നാരോപിച്ച് അബുദാബിയിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് പൂട്ടിച്ചു. അല്‍ ഖാലിദിയ്യിലുള്ള ചെട്ടിനാട് റെസ്റ്റോറന്റിനെതിരെയാണ് ഫുഡ് കണ്ട്രോള് അതോരിറ്റിയുടെ നടപടി. നിരവധി തവണ ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന തരത്തില്‍ വൃത്തിഹീനമായിരുന്നു റെസ്റ്റോറന്റെന്ന് അധികൃതര്‍ അറിയിച്ചു. വൃത്തിയില്ലാത്ത നിലവും മേല്‍ക്കൂരയും ഉപകരണങ്ങളും റഫ്രിജറേറ്ററുകളുമാണ് പരിശോധന നടത്തിയപ്പോള്‍ കണ്ടെത്താനായത്. വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ എക്സ്പെയറി ഡേറ്റ് രേഖപ്പെടുത്തിയില്ല, ദീര്‍ഘനേരം തുറന്നുവെച്ച ഭക്ഷണം വിതരണം ചെയ്തു, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് പ്രാണികളെയും മറ്റും നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടാക്കിയില്ല, പരിശീലനം ലഭിക്കാത്ത ജീവനക്കാരെ നിയോഗിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളും ചുമത്തിയാണ് നടപടിയെടുത്തതെന്ന് ഫുഡ് കണ്ട്രോള് അതോരിറ്റി വക്താവ് തമര് അല്‍ ഖാസിമി അറിയിച്ചു. സമാന സാഹചര്യത്തിലുള്ള റെസ്റ്റോറന്റുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ 800555 എന്ന നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.