24
Saturday
October 2020

ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്നും മാരക രാസപദാര്‍ത്ഥം പിടികൂടി

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് ആളുകളെ കൂട്ടത്തോടെ കൊല്ലാൻ തക്ക ശേഷിയുള്ള മാരക രാസപദാര്‍ത്ഥം ഫെന്റാനൈല്‍ (fentanyl) പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്നും രാസപദാര്‍ത്ഥം പിടികൂടിയത്.

ഇന്ത്യയില്‍ ഇതാദ്യമായാണ് ഫെന്റാനൈല്‍ പിടിക്കപ്പെടുന്നത്. ലഹരിമരുന്നുകളായ ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും അധികം വീര്യമുള്ളതാണ് ഫെന്റാനൈല്‍. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവില്‍ ശ്വസിച്ചാല്‍ തന്നെ മരണം സംഭവിക്കാം എന്നാണ് ആരോഗ്യ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഇത് വളരെ വേഗത്തില്‍ വായുവില്‍ പരക്കുകയും ത്വക്കില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.

വേദന സംഹാരികളായും അനസ്‌തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവില്‍ ഫെന്റാനൈല്‍ ഉപയോഗിക്കുന്നുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ക്ക് അതീവ സുരക്ഷാ സംവിധാനത്തോടെ മാത്രമേ രാസവസ്തു നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ.

ഔദ്യോഗിക കണക്കനുസരിച്ച് പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 110 കോടി വിലമതിക്കുമെന്നാണ് വിവരം. മെക്‌സിക്കന്‍ ലഹരി മരുന്ന് മാഫിയയാണ് ഇന്ത്യയില്‍ ഈ മരുന്ന് നിര്‍മിക്കുന്നതെന്നാണ് കരുതുന്നത്.

നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിര്‍മാണ കേന്ദ്രങ്ങള്‍. എന്നാല്‍ ചൈനയില്‍ പരിശോധന ശക്തമായതോടെ രഹസ്യ നിര്‍മാണ കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഇത് നിര്‍മിക്കാനാവശ്യമായ രാസവസ്തുക്കള്‍ നിയമവിരുദ്ധമായ വഴികളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com