11
Tuesday
May 2021

കൃതി അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍

Google+ Pinterest LinkedIn Tumblr +

എറണാകുളം: വായനയുടെ പുതുവസന്തങ്ങള്‍ തീര്‍ക്കാന്‍ കൃതി 2020 അന്താരാഷ്ട്ര പുസ്തക മേള ഫെബുവരി 6 മുതല്‍ 16 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കും. സഹകരണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാഹിത്യ-വൈജ്ഞാനികോത്സവത്തിന്റെയും മൂന്നാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സഹകരണ-ദേവസ്വം-ടൂറിസം വകുപ്പുമന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

പുസ്തകമേള, സാഹിത്യ-വൈജ്ഞാനികോത്സവം, സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള എന്നിവ ഉള്‍പ്പെടുന്നതാകും കൃതി 2020. 230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുളള 150 ല്‍പ്പരം പ്രസാധകര്‍ പുസ്തകമേളയില്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. 20 കോടി രൂപയുടെ പുസ്തക വില്‍പ്പനയാണ് ഇക്കുറി കൃതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. കല്‍ക്കത്ത, ഡല്‍ഹി പുസ്തകമേളപോലെ പ്രശസ്തി നേടുന്ന വിധത്തില്‍ കൃതി രണ്ടുവര്‍ഷം കൊണ്ട് വളര്‍ന്നുവെന്നും പ്രസാധകരില്‍ നിന്ന മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം 74,000 ച. അടി വിസ്തൃതിയുളള പന്തലുകളാണ് കൃതി 2020 നു വേണ്ടി മറൈന്‍ഡ്രൈവില്‍ ഉയരുക. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകള്‍ വിതരണം ചെയ്യും. കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി മുന്‍വര്‍ഷങ്ങളിലേതുപോലെ പ്രത്യേക വിഭാഗം സജ്ജീകരിക്കും. മേള സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് 250 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഇതുപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങാം. കുട്ടികളെ ലക്ഷ്യമിട്ട് ദിവസേനയുളള മാജിക് ഷോ, വായനാമത്സരം, കവിതാരചനാ മത്സരം എന്നിവ ഇത്തവണത്തെ പുതുമകളാണ്. ഷോര്‍ട്ട് ഫിലിം മത്സരം, ഫോട്ടോഗ്രാഫി മത്സരം എന്നിവയും കൃതി 2020 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ പട്ടണങ്ങളുടെ മുന്‍കാല ഫോട്ടോകളുടെ പ്രദര്‍ശനം എന്നിവയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി ആറു മുതല്‍ നടക്കുന്ന സാഹിത്യ-വൈജ്ഞാനികോത്സവത്തിലെ 36 സെഷനുകളിലായി പ്രതിഭാറായ്, ഭൈരപ്പ, കെ.ശിവ റെഡ്ഡി, കനകമൈന്തന്‍, വെങ്കിടാചലപതി, പി.സായ്നാഥ് തുടങ്ങിയവരും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുമുള്‍പ്പെടെ നൂറിലേറെ സാഹിത്യ-വൈജ്ഞാനിക പ്രതിഭകള്‍ പങ്കെടുക്കും. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകളും വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും.

ഫെബ്രുവരി ഏഴു മുതല്‍ 10 ദിവസം വൈകിട്ട് ഏഴു മുതല്‍ 9.30 വരെയാണ് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക. ഏഴിന് കാസര്‍ഗോഡ് യക്ഷരംഗ അവതരിപ്പിക്കുന്ന യക്ഷഗാനം, എട്ടിന് കെപിഎസിയുടെ നാടകം, ഒമ്പതിന് കോട്ടയ്ക്കല്‍ പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി, 10-ന് തൃശൂര്‍ കരിന്തലക്കൂട്ടത്തിന്റെ നാടന്‍പാട്ട്, 11-ന് ലൗലി ജനാര്‍ദ്ദനനന്റെ ഫ്യൂഷന്‍ മ്യൂസിക്, 12-ന് അഷ്റഫ് ഹൈദ്രോസിന്റെ സൂഫി മ്യൂസിക്, 13-ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്റെയും പോരൂര്‍ ഉണ്ണികൃഷ്ണന്റെയും ഇരട്ടത്തായമ്പക, 14-ന് ഡോ.വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗം, 15-ന് എം കെ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, 16-ന് കൊല്ലം അഭിജിത്തിന്റെ ഗാനമേള എന്നിവയാണ് കൃതി 2020 ന്റെ രാത്രികളെ സമ്പന്നമാക്കാന്‍ പോകുന്ന പരിപാടികള്‍, പതിനായിരം ചതുരശ്ര അടി വിസ്തൃതയില്‍ ഒരുക്കുന്ന ഭക്ഷ്യമേളയില്‍ വിവിധ രുചിഭേദങ്ങളുമായി 12 സ്റ്റാളുകളും കൃതി 2020 ന്റെ ഭാഗമായുണ്ടാകും.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com